Sorry, you need to enable JavaScript to visit this website.

അഞ്ചു മാസമായി വെന്റിലേറ്ററില്‍ കഴിയുന്ന യുവതിക്ക് കണ്‍മണി

മദീന - അഞ്ചു മാസത്തിലധികമായി പൂര്‍ണ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന മുപ്പതുകാരിക്ക് കുഞ്ഞ് പിറന്നു. മദീനയിലെ മൂന്നു ആശുപത്രികളിലെ മെഡിക്കല്‍ സംഘങ്ങളുടെ പങ്കാളിത്തത്തോടെ യുവതിക്ക് സിസേറിയന്‍ നടത്തുകയായിരുന്നു. മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയുമായും ഉഹദ് ആശുപത്രിയുമായും സഹകരിച്ച് മദീന കിംഗ് ഫഹദ് ആശുപത്രിയിലെ വിദഗ്ധ മെഡിക്കല്‍ സംഘമാണ് യുവതിക്ക് സിസേറിയന്‍ നടത്തിയത്.

അഞ്ചു മാസത്തിലധികം മുമ്പ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് യുവതിയെ മദീന കിംഗ് ഫഹദ് ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് യുവതി രണ്ടു മാസം ഗര്‍ഭിണിയായിയിരുന്നു. ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുകയും ഹൃദയമിടിപ്പ് നിലക്കുകയും തലച്ചോറില്‍ ഓക്‌സിജന്‍ കുറയുകയും ചെയ്ത നിലയിലാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി.പി.ആര്‍ പ്രക്രിയയിലൂടെ യുവതിയുടെ ഹൃദയമിടിപ്പ് വീണ്ടെടുക്കുന്നതിന് മെഡിക്കല്‍ സംഘത്തിന് സാധിച്ചു. തുടര്‍ന്ന് യുവതിയെ വെന്റിലേറ്ററിലാക്കി വിദഗ്ധ ഡോകടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികിത്സകള്‍ നല്‍കിവരികയായിരുന്നു.

ഗൈനക്കോളജി കണ്‍സള്‍ട്ടന്റിന്റെയും ശിശുരോഗ വിദഗ്ധന്റെയും പങ്കാളിത്തത്തോടെ കിംഗ് ഫഹദ് ആശുപത്രിയില്‍ വെച്ചാണ് യുവതിക്ക് വിജയകരമായി സിസേറിയന്‍ നടത്തിയത്. നവജാതശിശുവിനെ മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ഇന്‍കുബേറ്റര്‍ വിഭാഗത്തിലേക്ക് മാറ്റി. യുവതി കിംഗ് ഫഹദ് ആശുപത്രിയിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരും.

 

Latest News