കണ്ണൂര്‍- പ്ലസ് ടു കോഴ്‌സ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെ.എം.ഷാജി എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തി പരാതിക്കാരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. വിജിലന്‍സില്‍ പരാതി നല്‍കിയ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കുടുവന്‍ പത്മനാഭന്‍, മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കിയ മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ എന്നിവരില്‍ നിന്നാണ് വിജിലന്‍സ് സംഘം മൊഴിയെടുത്തത്. രാവിലെ ആരംഭിച്ച മൊഴിയെടുക്കല്‍ വൈകുന്നേരം വരെ നീണ്ടു. വിജിലന്‍സ് ഡിവൈ.എസ്.പി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
അഴീക്കോട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എം.എല്‍.എ, സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. ലീഗ് പ്രാദേശിക നേതാവായിരുന്ന നൗഷാദ് പൂതപ്പാറ മുസ്്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിനയച്ച പരാതിയാണ് കേസിനാധാരം. ഈ പരാതി അടിസ്ഥാനമാക്കിയാണ് കുടുവന്‍ പത്മനാഭന്‍ വിജിലന്‍സില്‍ പരാതി നല്‍കിയത്. വിജിലന്‍സ് കേസെടുക്കുന്നതിന് സ്പീക്കര്‍ അനുമതി നല്‍കിയത് രാഷ്ടീയ വിവാദത്തിന് വഴിവെച്ചിരുന്നു.
സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം എഫ്.ഐ.ആറില്‍ രേഖപ്പെടുത്തുകയും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക തിരക്കുകളിലായതിനാലാണ് തുടര്‍ നടപടികള്‍ വൈകിയത്. എന്നാല്‍, ഇത്തരമൊരു തുക ഷാജിക്ക് നല്‍കിയിട്ടില്ലെന്ന് അന്നത്തെ സ്‌കൂള്‍ മാനേജര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാങ്ക് രേഖകളടക്കം പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ച ശേഷമാണ് വിജിലന്‍സ് കേസെടുത്തത്.