Sorry, you need to enable JavaScript to visit this website.

രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കൊച്ചി- ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ രഹന ഫാത്തിമ എന്ന സൂര്യഗായത്രിയെ ബി.എസ്.എൻ.എൽ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിനു സൂര്യഗായത്രിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേ തുടർന്ന് അച്ചടക്കലംഘനം ആരോപിച്ചു 2018 നവംബർ 27നാണ് ഇവരെ ജോലിയിൽ നിന്നു സസ്പെന്റ് ചെയ്തത്. ബി.എസ്.എൻ.എലിൽ ടെലികോം ടെക്നീഷ്യനായിരിക്കെയായിരുന്നു നടപടി. ജോലിയിൽ നിന്നു പിരിച്ചു വിട്ട കാര്യം  സമൂഹമാധ്യമത്തിലൂടെ ഇവർ തന്നെയാണ് വെളിപ്പെടുത്തിയത്. ജോലിയിൽ നിന്നു നിർബന്ധിതമായി വിരമിക്കാൻ  ബി.എസ.്എൻ.എൽ എറണാകുളം ഡിജിഎം അടിയന്തര പ്രാബല്യത്തിൽ ഓർഡർ ഇട്ടിരിക്കുകയാണെന്നും  വിഷയം കത്തിനിന്ന ആ സമയത്ത് തന്നെ 15 വർഷ സർവീസും രണ്ടു തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോഷമുണ്ടാവുമെന്നു ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയതെന്നും അവർ ആരോപിച്ചു.  
സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ടു ശബരിമലയിൽ പോയതിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ അറിയിച്ചു.  ശബരിമല യുവതി പ്രവേശനത്തിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടും ശബരിമലയിൽ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലും ബി.എസ്.എൻ.എൽ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു.   സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രവേശിക്കാനെത്തിയ ഇവരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്യുകയും മതവികാരം വ്രണപ്പെടുത്തിയതിനും സാമുദായിക സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനും കേസെടുക്കുകയുമായിരുന്നു.  സംഭവം സമയത്ത് എറണാകുളം ബോട്ട് ജെട്ടി ബി.എസ്.എൻ.എൽ ഓഫീസിൽ ജോലിയിലായിരുന്ന ഇവരെ പാലാരിവട്ടം ഓഫിസിലേക്ക് മാറ്റിയിരുന്നു. തുടർന്നായിരുന്നു ആഭ്യന്തര അന്വേഷണവും അച്ചടക്ക നടപടിയും.  


 

.


 

Latest News