കൊച്ചി- നാട്ടിലേക്കു പോകാൻ കമ്പനിയുടെ മതിൽ ചാടി ഇരുകാലും ഒടിഞ്ഞു ചികിത്സിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. വെട്ടിക്കൽ ഓലിക്കുരിശിലെ പ്ലൈവുഡ് കമ്പനി തൊഴിലാളി വെസ്റ്റ് ബംഗാൾ പൂർബ മിഡ്‌നാപ്പുർ സ്വദേശി പുലിൻ ബുനിയ(34) ആണ് മരിച്ചത്. ഹൃദയാഘാതമാണെന്നാണു പ്രാഥമിക നിഗമനം.
ലോക്ഡൗൺ ആരംഭിച്ചതു മുതൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്ന പുലിൻ കഴിഞ്ഞ 21നാണു നാട്ടിലേക്കു പോകാനായി കമ്പനിയുടെ മതിൽ ചാടിയത്. രണ്ടാൾപൊക്കമുള്ള മതിലിൽനിന്നു ചാടിയതോടെ രണ്ടു കാലും ഒടിഞ്ഞു.
ശസ്ത്രക്രിയയ്ക്കുശേഷം കമ്പനിയിലെ താമസ സ്ഥലത്തു വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ കട്ടിലിൽനിന്നു വീണ പുലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹം കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണു കേരളത്തിലേക്കു ജോലിക്ക് വന്നത്. ഇവിടെ എത്തിയിട്ട് ഒരു വർഷം ആകുന്നതേ ഉള്ളൂ. ഇതിനിടെയാണ് ലോക്ഡൗൺ വന്നതും നാട്ടിൽ പോക്ക് മുടങ്ങിയതും.






