Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തി; 7 വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

വാഷിങ്ടണ്‍- ഇന്ത്യക്കാരനെ ഏഴ് വര്‍ഷം മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമേരിക്കയില്‍ അറസ്റ്റില്‍. പഞ്ചാബുകാരനായിരുന്ന മന്‍പ്രീത് ഗുനാം സാഹിബ് എന്ന 27 കാരനാണ് എഴുവര്‍ഷങ്ങള്‍ക്കുമുമ്പ് 2013 ഓഗസ്റ്റ് ആറിന് കാലിഫോര്‍ണിയയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെടുന്നത്. കൊലപാതകിയേപ്പറ്റി അന്ന് വിവരങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് കേസിന്റെ അന്വേഷണം എഫ്ബിഐ ഏറ്റെടുത്തു. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മന്‍പ്രീതിന്റെ കൊലപാതകിയെ അവര്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ലാസ് വെഗാസ് മെട്രൊപൊളീറ്റന്‍ പോലീസിന്റെ സഹായത്തോടെ പ്രതിയായ സീന്‍ ദൊനോഹെയെ എഫ്ബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് താഹൊയിലെ ഗ്യാസ് സ്‌റ്റേഷനില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട മന്‍പ്രീത് ഗുനാം സിങ് . ഇയാള്‍ കൊല്ലപ്പെട്ട സമയത്ത് ഇപ്പോള്‍ അറസ്റ്റിലായ സീന്‍ ദൊനോഹെ ഈ പ്രദേശത്ത് താമസിച്ചിരുന്ന ആളായിരുന്നു. പോലീസ് റെക്കോര്‍ഡ് പ്രകാരം സംഭവം നടക്കുമ്പോള്‍ കൊലയാളി മുഖം മറച്ചിരുന്നു. മന്‍പ്രീതിനെ വെടിവെച്ച ശേഷം ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.എല്‍ ദൊരാദൊ കൗണ്ടി കോള്‍ഡ് കേസ് ടാസ്‌ക് ഫോഴ്‌സും ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസും ചേര്‍ന്നാണ് കേസന്വേഷണം നടത്തിയത്.
2017ല്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് കൊലപാതകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
2019ല്‍ ദൃക്‌സാക്ഷികളിലൊരാള്‍ ഈ വീഡിയോ കാണുകയും സീന്‍ദൊനോഹെയുമായി ആ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ബിഐ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു.

Latest News