Sorry, you need to enable JavaScript to visit this website.

അമേരിക്ക കഴുത്തിനു പിടിച്ചു; ഗ്രാമും ടോണും ഉപേക്ഷിച്ച് ടെലിഗ്രാം

വലിയ പ്രതീക്ഷയോടെ ആരംഭിക്കാനിരുന്ന ക്രിപ്‌റ്റോ കറന്‍സിയും പേയ്‌മെന്റ് സംവിധാനവും അവസാനിപ്പിക്കുകയാണെന്ന് മെസേജിംഗ് സേവനം നല്‍കിവരുന്ന ടെലിഗ്രാം  അറിയിച്ചു. അമേരിക്കന്‍ അധികൃതരുമായുള്ള നിയമ പോരാട്ടത്തിനു ശേഷം ബ്ലോക്ക് ചെയിന്‍ പദ്ധതി നിര്‍ത്തലാക്കുകയാണെന്നാണ് ടെലിഗ്രാം അറിയിച്ചത്.  ടെലിഗ്രാം സ്ഥാപകന്‍ പവല്‍ ദുറോവ് തന്റെ ടെലിഗ്രാം ചാനലിലാണ് ഇക്കാര്യം അറിയിച്ചത്.  ദുഃഖകരമായ ഒരു ദിവസം എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് പകരമായാണ് ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ടെലിഗ്രാം ഓപണ്‍ നെറ്റ്‌വര്‍ക്ക് (ടോണ്‍)  രൂപകല്‍പന ചെയ്തിരുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/05/13/p11telegram-cryptocurrency.jpg
200 സ്വകാര്യ നിക്ഷേപകരില്‍നിന്ന് റെക്കോര്‍ഡ് തുകയായ 170 കോടി ഡോളര്‍ ടെലിഗ്രാം  ഇതിനായി സമാഹരിച്ചിരുന്നു. വെര്‍ച്വല്‍ കറന്‍സിക്ക് ഗ്രാം എന്നാണ് പേരിട്ടിരുന്നത്.
രജിസ്റ്റര്‍ ചെയ്യാത്ത ഓഹരി വില്‍പന കമ്പനി ആരംഭിച്ചുവെന്ന് ആരോപിച്ചാണ്  യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്.ഇ.സി) ടെലിഗ്രാമിന്റെ 2018 ഐ.സി.ഒക്കെതിരെ നിയമനടപടി സ്വീകരിച്ചത്.
തര്‍ക്കം പരിഹരിക്കുന്നതു വരെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ പാടില്ലെന്ന്  ഈ വര്‍ഷം മാര്‍ച്ചില്‍ യു.എസ് ജഡ്ജി ഉത്തരവിട്ടിരുന്നു. അടുത്ത തലമുറ പദ്ധതിക്കായി ടെലിഗ്രാമിലെ ചില മികച്ച എന്‍ജിനീയര്‍മാര്‍ രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന്  ഡുറോവ് പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2020/05/13/p11paveldurov.jpg

പവല്‍ ദുറോവ്

ടോണ്‍ പ്ലാറ്റ്‌ഫോം ലോകത്തെവിടെയും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് യു.എസ് കോടതി വിധിയെന്നും പദ്ധതി ആരംഭിച്ചാല്‍ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും യു.എസ് പൗരന്മാര്‍ക്ക് അതുമായി ബന്ധപ്പെടാന്‍ കഴിയുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടിയെന്നും ഡുറോവ് വിശദീകരിച്ചു.  
ഡോളറിന്റെയും ആഗോള സാമ്പത്തിക വ്യവസ്ഥയുടെയും നിയന്ത്രണമുള്ളതിനാല്‍ ലോകത്തിന്റെ ഏതു ഭാഗത്തുള്ള ബാങ്കും അക്കൗണ്ടും തടയാന്‍ അമേരിക്കക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ രാഷ്ട്രീയക്കാര്‍ കൈക്കൊള്ളുന്ന നയങ്ങള്‍ക്ക് അനുസൃതമായാണ് ലോകം നിലകൊള്ളുന്നു എന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ സഹോദരന്മാരായ നിക്കോളായ്, പവല്‍ ഡുറോവ് എന്നിവര്‍ 2013 ലാണ് ടെലിഗ്രാം  ആരംഭിച്ചത്. എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ കൈമാറ്റം ചെയ്യാനും ചാനലുകള്‍ സൃഷ്ടിക്കാനും അനുവദിക്കുന്ന ടെലിഗ്രാമില്‍ ഏകദേശം 40 കോടി ഉപയോക്താക്കളുണ്ട്.

 

Latest News