മുംബൈ- ലോക് ഡൗണിനെ തുടർന്ന് മുംബൈയിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികുടെ കുടുംബം സ്വന്തം സംസ്ഥാനമായ യു.പിയിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇരുപതോളം പേരടങ്ങിയ സംഘം ചെറിയ ചരക്കുവാഹനത്തിൽ നാട്ടിലേക്ക് പോകുന്നതിനിടെ മുംബൈ-നാസിക് ഹൈവേയിൽ അപകടത്തിൽ പെടുകയായിരുന്നു. കാറുമായി കൂട്ടിയിടിച്ചാണ് അപകടം. മുംബൈയിൽ ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലാണെന്നും അതിനാൽ നാട്ടിലേക്ക് മടങ്ങുകയാണെന്നും പറഞ്ഞാണ് ഇവർ ഞായറാഴ്ച ലഖ്‌നൗവിലേക്ക് യാത്ര തിരിച്ചത്. ബന്ധുക്കളടക്കം ഇരുപത് പേരാണ് ഇവരുടെ വാഹനത്തിൽ ഉണ്ടായിരുന്നത്. വഴിയിൽ വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹനം ഓടിച്ചിരുന്ന മുഹമ്മദ് ജാവേദ് എന്നയാൾ മരിക്കുകയായിരുന്നു. കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ ടിക്കറ്റ് സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞെങ്കിലും കാത്തിരിക്കാൻ തയ്യാറാകാതെ തൊഴിലാളികൾ നടന്നും വാഹനം പിടിച്ചും നാട്ടിലേക്ക് പോകുകയാണ്.






