കരിപ്പൂര്‍- കുവൈത്തില്‍ നിന്നെത്തിയ പ്രവാസികളില്‍ ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രികളിലേക്ക് മാറ്റിയത് ഏഴ് പേരെ.
തൃശൂര്‍ സ്വദേശിയായ അര്‍ബുദ രോഗബാധിതനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ചുമ അനുഭവപ്പെട്ട പാലക്കാട് സ്വദേശിയേയും ആരോഗ്യ പ്രശ്‌നങ്ങളുള്ള പത്തനംതിട്ട സ്വദേശിയായ ഗര്‍ഭിണിയേയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ശ്വാസതടസ്സം അനുഭവപ്പെട്ട കോഴിക്കോട് സ്വദേശി, വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള കാര്‍കോഡ് സ്വദേശി, പനിയുള്ള കോഴിക്കോട് സ്വദേശി, ശാരീരിക അസ്വാസ്ഥ്യമുള്ള മറ്റൊരു കോഴിക്കോട് സ്വദേശി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

ഏഴ് കുട്ടികളടക്കം 192 യാത്രക്കാരുമായാണ് പ്രത്യേക വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്്. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 394 വിമാനത്തിന്റെ ലാന്‍ഡിംഗ് മഴമൂലം വൈകിയെങ്കിലും വിമാനം പിന്നീട് സുരക്ഷിതമായി ഇറക്കി.
കോവിഡ് ജാഗ്രത പാലിച്ച് യാത്രക്കാരെ സ്വീകരിക്കാനുള്ള നടപടികള്‍ വിമാനത്താവളത്തില്‍ നേരത്തെതന്നെ പൂര്‍ത്തിയാക്കിയിരുന്നു. യാത്രക്കാരെ എയ്‌റോബ്രിഡ്ജില്‍വച്ച് തെര്‍മല്‍ സ്‌കാനിങ് നടത്താന്‍ നാല് വിദഗ്ധ സംഘങ്ങള്‍, ആരോഗ്യ പരിശോധനയ്ക്കും കോവിഡ് ക്വാറന്റൈന്‍ ബോധവത്ക്കരണത്തിനും ഏഴ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം എന്നിവ നിലയുറപ്പിച്ചിരുന്നു.
അഞ്ച് കേന്ദ്രങ്ങളില്‍ യാത്രക്കാരുടെ വിവര ശേഖരണം നടത്താന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. എമിഗ്രേഷന്‍ പടപടികള്‍ക്ക് 15 കൗണ്ടറുകള്‍. കസ്റ്റംസ് പരിശോധനക്ക് നാല് കൗണ്ടറുകള്‍ എന്നിവ തയ്യാറാക്കി. വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കൊണ്ടുപോകാന്‍ 28 ആംബുലന്‍സുകളും എട്ട് കെ.എസ്.ആര്‍.ടി.സി ബസുകളും 60 പ്രീ പെയ്ഡ് ടാക്‌സികളും ഒരുക്കി നിര്‍ത്തിയിരുന്നു.






