ഗുവാഹത്തി- അസമിൽ പുതുതായി 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അസമിൽ കോവിഡ് ബാധിതരുടെ എണ്ണം 79 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച മുഴുവനാളുകളും കാംരൂപ്(മെട്രോ)ജില്ലയിൽനിന്നുള്ളവരാണ്. ഗുവാഹത്തിയിലെ ഒരു ഫാൻസി ഷോപ്പിൽനിന്നാണ് രോഗം പടർന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും ക്വാറന്റൈൻ ചെയ്തതായും ആളുകൾ പേടിക്കേണ്ടതില്ലെന്നും അസം ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹിമാന്ദ ബിശ്വ ശർമ്മ അറിയിച്ചു. അസമിലെ ആകെയുള്ള 79 കോവിഡ് കേസുകളിൽ 22 ഉം കാംരുപ് ജില്ലയിലാണ്. 11 പേർ കാച്ചർ ജില്ലയിലും ഒൻപത് പേർ ഗോലാഘട്ടിലും. രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 39 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.