കരിപ്പൂര്‍- കുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ മൂന്നു മൃതദേഹങ്ങളും. കോഴിക്കോട് കണ്ണഞ്ചേരി ചെട്ടിയാക്കണ്ടി ശ്രീകുമാരി 55, പത്തനംതിട്ട മുല്ലപ്പള്ളി ആനിക്കാട് സ്വദേശി കല്ലംപറമ്പില്‍ പ്രിന്‍സ് മാത്യു ജോസഫ് 33, തൃശൂര്‍ അമ്മാടം സ്വദേശി വില്‍സന്‍ പൈലി 42 എന്നിവരുടെ മൃതദേഹങ്ങളാണ് പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്നിട്ടുള്ളത്.
കെ.കെ.എം.എ സംഘമാണ് കുവൈത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കയറ്റി അയച്ചത്.
കുവൈത്തില്‍ നിന്നുള്ള ഐ.എക്‌സ് 394 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ ആദ്യ സംഘം പുറത്തിറങ്ങി.
ആരോഗ്യ ജാഗ്രത ഉറപ്പാക്കി 20 പേര്‍ വീതമുള്ള ചെറു സംഘങ്ങളാക്കിയാണ് യാത്രക്കാരെ പുറത്തിറക്കുന്നത്.
ആദ്യ സംഘത്തിന്റെ തെര്‍മ്മല്‍ സ്‌കാനിങും ആരോഗ്യ പരിശോധനയും ആരംഭിച്ചു.