Sorry, you need to enable JavaScript to visit this website.

ശമ്പളവും ഹോം വർക്കും!

സ്വന്തം വകുപ്പിനെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ സ്‌നേഹിക്കുന്ന ഒരു മന്ത്രി ജി. സുധാകരൻ സഖാവല്ലാതെ മറ്റാരുമില്ല. ആരോഗ്യ വകുപ്പു മന്ത്രിക്കാണ് തൽക്കാലം ഖ്യാതിയെങ്കിലും അത് 'കൊറോണ'യുടെ സഹായം കൊണ്ടു കൂടിയാണ്. എന്തു ചെയ്യാം! ക്ലാസിൽ നിന്നും മുങ്ങി നടക്കുന്ന പിള്ളേരെപ്പോലെ ആയിപ്പോയി പൊതുമരാമത്തു ജീവനക്കാർ! പണ്ടും അങ്ങനെ തന്നെ ആയിരുന്നതിനാൽ 'പിറവി ദോഷം' ആകാനേ വഴിയുള്ളൂ. പക്ഷേ, മന്ത്രിക്കു സംഗതി പിടികിട്ടുന്നതിന് ലോക്ഡൗൺ കാലം വേണ്ടിവന്നു! തൊണ്ണൂറ്റഞ്ച് ശതമാനം പേരും ഓഫീസിൽ പോകാതെയാണ് ശമ്പളം വാങ്ങിയതെന്ന് അദ്ദേഹം കണ്ടുപിടിച്ചു. പാലാരിവട്ടം മേൽപാലം തകർന്ന് അണ്ടർഗ്രൗണ്ടിലേക്കു പതിക്കുന്ന സംഭവം കണ്ടതോടെയാണ് മന്ത്രിയുടെ അകക്കണ്ണിൽ പെട്ടെന്നു പ്രകാശമുണ്ടായത്. 'വെളുത്തതെല്ലാം പാലാണ്' എന്ന ധാരണ അതോടെ സഖാവിനെ വിട്ടൊഴിഞ്ഞു. ശേഷം, ആരെ കണ്ടാലും, ആരു കൈകൂപ്പിയാലും, ഇനി അതൊന്നുമല്ല, ലാൽസലാം മോഡലിൽ സ്റ്റാലിൻ ശൈലിയിൽ കൈപ്പത്തി പുരികത്തിനു മുകളിൽ 'സൺഷേഡ്' പോലെ പിടിച്ചു കാട്ടിയാലും, വിദ്വാൻ മുൻ മന്ത്രിയാണോ, മരാമത്തു വകുപ്പിലെ വിരുതനാണോ എന്നൊക്കെ രഹസ്യമായി അന്വേഷിക്കും. 'അല്ല' എന്ന് 'ഗസ്റ്റപ്പോ'കൾ ഉറപ്പുകൊടുത്ത ശേഷം മാത്രമേ മന്ത്രി വാ തുറക്കൂ. കൊറോണക്കാലത്ത് കഷ്ടകാലം പിടിപെട്ടിരിക്കുന്നത് ചീഫ് എൻജിനീയർക്കാണ്. വീട്ടിലിരുന്നു ശമ്പളം വാങ്ങിയവരുടെ ലിസ്റ്റ് അഞ്ച് ദിവസത്തിനകം മന്ത്രിയുടെ മേശപ്പുറത്തോ വീട്ടുപടിക്കലോ കിട്ടിയിരിക്കണമത്രേ! വീട്ടിലിരുന്നു 'ശമ്പളം വാങ്ങാത്തവരുടെ' പട്ടിക തയാറാക്കുന്നതായിരുന്നു ഭേദം. മന്ത്രിക്കു തന്നെ അറിയാവുന്നതാണല്ലോ, നൂറിൽനിന്നും തൊണ്ണൂറ്റഞ്ചു കുറച്ചാൽ ശേഷിക്കുന്നത് അഞ്ചു ശതമാനം മാത്രമാണെന്ന്! ഒരു പക്ഷേ, ചീഫ് എൻജിനീയറോട് മുൻകാല വൈരാഗ്യമുണ്ടായിരിക്കാം.
സംസ്ഥാന മന്ത്രിമാരുൾപ്പെടെ സർവമാന ജനങ്ങളും മുണ്ടുമുറുക്കിയുടുത്ത ശേഷം മാത്രം കഞ്ഞി കുടിച്ചു പോരുന്ന കാലമാണ്. സ്വന്തം ജില്ലയിലെ 'വൈരി'യായ മന്ത്രിക്ക് വിലസാൻ അവസരം വെറുതെ കൊടുക്കേണ്ടതില്ല. ഐസക് ഡോക്ടറാണെങ്കിൽ ധനകാര്യ വകുപ്പിലെ രോഗങ്ങൾക്ക് മറ്റുള്ളവരുടെ 'ചൊറി'യെ പഴിച്ച് മരുന്നു പ്രഖ്യാപിക്കുന്ന മുന്തിയ ഇനം സഖാവാണ്. ശമ്പളത്തിനു പുറമെ 'കിമ്പളം' കൂടി പതിവാക്കിയ വകുപ്പായതിനാൽ മന്ത്രി സുധാകരൻ സഖാവിന് ഇതൊരു പ്രതിരോധ തന്ത്രമാണെന്ന് മറ്റാർക്കും അറിയില്ലെങ്കിലും അദ്ദേഹത്തിനറിയാം!


****                          ****                    ****


വാർധക്യമെത്തുമ്പോൾ പഴയ കാര്യങ്ങൾ പൊടിതുടച്ചെടുത്ത് രസിക്കുന്നത് സാർവജനീനമാണ്. എന്നുവെച്ചാൽ, കോവിഡ് പോലെ എവിടെയും കാണാവുന്ന ഒരേർപ്പാട്. അതുപോലെ, 'മഴ തോർന്നാലും മരം പെയ്തുകൊണ്ടേയിരിക്കും' എന്നു പറയുന്നതിലുമുണ്ട് കാര്യം. ചാനലുകൾ കണ്ടാലറിയാം, പിണറായി വിജയൻ സഖാവ് തന്റെ ഇരുപതാം വയസ്സു മുതൽ പറഞ്ഞുപോന്ന 'ചീത്ത വാക്കു'കൾ മുഴുവനും ശേഖരിച്ച് പുനഃസംപ്രേഷണം ചെയ്യുകയാണ് ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റിന്റെ വ്യായാമ പരിപാടി.
ദൂരദർശൻ പഴയ കീറിത്തുടങ്ങിയ സീരിയലുകൾ എടുത്തു പ്രദർശിപ്പിച്ച് ഇപ്പോൾ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയതുകൊണ്ടാണ് മുല്ലപ്പള്ളിക്ക് ഈ ഐഡിയ തോന്നിയത്. പ്രസിഡന്റിന്റെ ഈ പരിപാടി നീണ്ടുപോകുമ്പോൾ, പ്രതിപക്ഷ നേതാവിന്റെ 'റേറ്റിംഗ്' കുറയുമെന്ന സംശയം ചെന്നിത്തലക്കുണ്ട്. അതുകൊണ്ട് അദ്ദേഹം മുഖ്യമന്ത്രിയെ ദിവസേന ആക്രമിക്കുന്നു. മുഖ്യൻ വലത്തു നോക്കിയാൽ മുല്ലപ്പള്ളി, ഇടത്തേക്കു തിരിഞ്ഞാൽ ചെന്നിത്തല എന്നതാണ് സമകാലീന നേർക്കാഴ്ച! ഇപ്പോൾ ചെന്നിത്തല കയറിപ്പിടിച്ചിരിക്കുന്നത് 'ഹോം വർക്കി'നെയാണ്. ശരിയായി ഹോം വർക്ക് ചെയ്യാതെ എത്തുന്നവർക്ക് മാർക്ക് കുറയും. പ്രവാസികളുടെ തിരിച്ചുവരവിന്റെ പ്രശ്‌നത്തിൽ ഹോം വർക്ക് ചെയ്യാതെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ചെന്നിത്തല ടീച്ചർ കണ്ടുപിടിച്ചു. അദ്ദേഹം പണ്ട് ഹിന്ദി അധ്യാപകനായിരുന്ന കാലത്ത് ലീഡർ കെ. കരുണാകരന്റെ ക്ലാസിൽ വിദ്യാർഥിയും കൂടി ആയിരുന്നു. കണക്കിനു ഫുൾ മാർക്ക്. ഹോം വർക്ക് ലീഡറെയും വെല്ലും. അങ്ങനെയാണ് ലീഡർ ശിഷ്യന്മാരെ വിട്ട് (മറിച്ചാണ് സത്യമെന്ന് ജനങ്ങൾ!) 'ഡി.ഐ.സി ട്യൂഷൻ ഹോം' - പുത്രന്റെ പേരിൽ തുടങ്ങിവെച്ചത്. ശേഷം ചീഞ്ഞുനാറിയ ചരിത്രം!
അന്നു മുതൽ ചെന്നിത്തലയദ്ദേഹം ചെയ്തുപോരുന്ന 'ഹോം വർക്കെ'ല്ലാം 'താക്കോൽ സ്ഥാനം' ലക്ഷ്യമാക്കിയുള്ളവ മാത്രം! ഇക്കണ്ട കാലമത്രയും സമാന്തരമായി 'ഹോം വർക്ക്' ചെയ്താണ് പിണറായി വിജയൻ താക്കോൽ സ്ഥാനത്തു കയറിക്കൂടിയത്, മറ്റേ നേതാവിനെ 'ഭരണ പരിഷ്‌കാര കമ്മീഷ'നാക്കി മൂലയ്ക്കിരുത്തിയതും! അങ്ങനെ ഇരുമുന്നണികളിലെയും കണക്കു മാഷുമാർ തമ്മിലുള്ള മത്സരമായും കോവിഡ് കാലത്തെ ഭാവി ചരിത്രത്തിൽ കാണാൻ കഴിയും. 'പ്രവാസികൾ' തുടങ്ങിയ ഫലപ്രദ പ്രയോഗങ്ങളും രസം പകരാൻ വിദഗ്ധ കളിക്കാർ ഉപയോഗിക്കുക പതിവാണ്.


****                             ****                           ****


കെ.എസ്. ശബരിനാഥൻ എം.എൽ.എ പിതാവിന്റെ ചരമാനന്തരം മുകളിൽനിന്നും നൂലിൽ കെട്ടിയിറക്കപ്പെട്ട സ്ഥാനാർഥിയായിരുന്നു. എങ്കിലും ശശി തരൂരിനോളമോ, പഴയ പി.എസ്.സി സൂപ്രണ്ട് എ. ചാൾസിനോളമോ വരില്ല. പയ്യന് കെ.എസ്.യു ബന്ധവും കമ്മി. ജി. കാർത്തികേയൻ അന്തരിച്ചില്ലായിരുന്നുവെങ്കിൽ ശബരിക്കുട്ടൻ രാഷ്ട്രീയത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ ഉണ്ടാകുമായിരുന്നില്ല. നേതാക്കളുടെ കീഴ്‌വഴക്കം അതാണ്. പുത്രൻ എൻജിനീയറിംഗ് ബിരുദധാരി. ഓസ്‌ട്രേലിയയിലോ, ചുരുങ്ങിയ പക്ഷം ഉഗാണ്ടയിലോ വല്ല നല്ല തൊഴിലും തരപ്പെടുത്തി കഴിഞ്ഞേനേ! നാട്ടുകാരുടെ വിധി വൈപരീത്യം! അരുവിക്കരയിൽ ഒന്നു രണ്ടു തവണ കാറ്റുകൊള്ളാൻ മാത്രം പോയിട്ടുള്ള ശബരി പെട്ടെന്ന് ഒരു ദിനം അവിടെയങ്ങു സ്ഥാനാർഥിയായി. മദർ സുലേഖ ടീച്ചർ ആ പദം സ്വപ്‌നം കണ്ടതാണെന്നും അല്ലെന്നും അപവാദികൾ പറഞ്ഞു നടന്നിരുന്നു.
ഇപ്പോൾ അതൊന്നുമല്ല പ്രശ്‌നം. പുല്ലുമേഞ്ഞു നടക്കുന്ന കലമാനിനെ പോലെയുള്ള ശബരിയെ മുട്ടനാട്ടിനെ പോലുള്ള ബെന്യാമിൻ ആഞ്ഞു കുത്തുന്നു. ഒരിക്കലല്ല, ആവർത്തനമുണ്ട്. എന്താണ് പ്രകോപനം? ഉറുമ്പുകൾക്കും നായ്ക്കൾക്കും പോലും ആഹാരമെത്തിക്കാൻ ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയെ ശബരിക്കുട്ടൻ ഇടക്കിടെ 'ട്രോളുന്നു'! അതിൽ മുഖ്യനു വിരോധമില്ല. കണ്ണൂർ ജില്ല വിട്ട ശേഷം അദ്ദേഹവും ഒരു ശാന്തനായ മാൻകിടവാണ്. അതുകൊണ്ടാണ് പകരം 'ട്രോളു'ന്ന ചുമതല 'ആടു ജീവിതം'കൊണ്ടു പരുക്കനായ ബെന്നി ബെന്യാമിൻ ഏറ്റെടുത്തത്. ശബരി ഒരു 'അമുൽ ബേബി'യെ പോലെ സുന്ദരക്കുട്ടപ്പനായി വളരുന്ന കാലമാണ്. പണ്ട് തെരഞ്ഞെടുപ്പ് വേളയിൽ മദർ സുലേഖ ടീച്ചർ നൽകിയ ഉപദേശം അക്ഷരം പ്രതി തലയിൽ ചുമന്നു നടക്കുന്ന കക്ഷിയുമാണ്. 'വോട്ട് ചോദിക്കുന്നതിനിടയിൽ ആരെങ്കിലും വല്ലതും കുടിക്കാൻ എടുത്തു തന്നാൽ വാങ്ങി കുടിക്കല്ലേ മോനേ' എന്നു പിൽക്കാലത്ത് തങ്കലിപികളിൽ രേഖപ്പെടുത്തിയ ആ വാക്കുകളാണ് കുട്ടനെ ഒരു 'കൊമ്പു' കൂടിയുള്ള ഋശ്യശൃംഗനായി അരുവിക്കരയിൽ നയിച്ചത്. ഇതെല്ലാം അറിയുന്ന ബെന്യാമിൻ മുട്ടനാടിന്റെ രൂപമെടുത്ത് പിന്നാലെ ആഞ്ഞുകുത്താനായി നടപ്പാണ്. അദ്ദേഹം പിണറായിയുടെ ആരാധകനാണല്ലോ. ശബരി ആരെയും പിണക്കാതെ നോക്കണം. പിള്ളേർക്കിതൊന്നും പറഞ്ഞിട്ടുള്ള കാര്യമല്ല.


****                         ****                            ****


പാലിയേക്കര ടോൾ ഗേറ്റ് ഇടിച്ചു പാഞ്ഞ വാൻ കൊഴിഞ്ഞാമ്പാറയിൽ കണ്ടെത്തി. എക്‌സൈസ് സർക്കിളദ്ദേഹം പരിശോധിച്ചപ്പോൾ സ്പരിറ്റില്ല. കന്നാസില്ല. പകരം പതിനഞ്ച് ചാക്ക് 'തവിടാണ്' കിട്ടിയത്. ഏതോ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന ഇറച്ചിക്കോഴികളുടെ ജീവൻ രക്ഷപ്പെടുത്താനാണ് തവിടുമായി ലോറി കുതിച്ചു പാഞ്ഞത്. സ്പിരിറ്റോ മദ്യമോ കടത്തിയെന്നു സംശയിക്കാൻ എക്‌സൈസ് സംഘത്തിന് അവകാശമുണ്ട്. ആ സംശയമില്ലെങ്കിൽ, ആ വകുപ്പു തന്നെ ആവശ്യമില്ല. ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം പ്രതീക്ഷിച്ചതു പോലെ മദ്യപാനികൾ ഏറെ ആത്മഹത്യ ചെയ്തില്ല. മന്ത്രിക്കസേരകൾ ആടിയതുമില്ല. അതിനു നാം നന്ദി പറയേണ്ടത് സ്പിരിറ്റ് കള്ളക്കടത്തുകാരോടാണ്; എക്‌സൈസുകാരോടും! അവർ കണ്ണടക്കണമല്ലോ.......

Latest News