ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാളാഘോഷം; എട്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അഹമ്മദാബാദ്- വഡോദരയില്‍ കൊറോണ ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷം നടത്തിയ ബിജെപിയുടെ മുതിര്‍ന്ന നേതാവ് അടക്കം എട്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിജെപി വാര്‍ഡ് പ്രസിഡന്റ് അനില്‍ പാര്‍മര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. അനില്‍ പാര്‍മറിന്റെ ജന്മദിനാഘോഷം വിപുലമായി നടത്തിയിരുന്നു.

കൊറോണ പ്രതിരോധ നിര്‍ദേശങ്ങളും ലോക്ക്ഡൗണും കാറ്റില്‍പറത്തിയുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ അണികള്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ചിത്രങ്ങളെടുക്കാന്‍ എല്ലാവരും സാമൂഹിക അകലം പോലും ലംഘിച്ച് ഒന്നിച്ചാണ് നിന്നതെന്ന് സോഷ്യല്‍മീഡിയയിലെ ഫോട്ടോകളില്‍ വ്യക്തമാണ്. പാര്‍മര്‍ അടക്കം എട്ടുപേരാണ് ആഘോഷങ്ങളിലുണ്ടായിരുന്നതെന്നും വീഡിയോയില്‍ വ്യക്തമായി.

ഇതേതുടര്‍ന്നാണ് കരേലിബാഗ് പോലിസ് കേസെടുത്തത്. മനിഷ് പാര്‍മര്‍,നകുല്‍ പാര്‍മര്‍,ദക്ഷേഷ് പാര്‍മര്‍,മെഹുല്‍ സോളങ്കി,ചന്ദ്രകാന്ത് ബ്രഹമ്േ്രബ ,രാകേഷ് പാര്‍മര്‍,ദവാല്‍ പാര്‍മര്‍ എന്നിവരാണ് അറസ്റ്റിലായത്. ഐപിസി 269,270 ,188 തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണ് ഇവര്‍ക്ക് എതിരെ ചുമത്തിയത്.
 

Latest News