Sorry, you need to enable JavaScript to visit this website.

ഒന്നാംലോക മഹായുദ്ധത്തെ അതിജീവിച്ച സ്പാനിഷ് മുതുമുത്തശി കൊറോണയെയും തോല്‍പ്പിച്ചു


മാഡ്രിഡ്- ഒന്നാംലോക മഹായുദ്ധം അതിജീവിച്ച സ്പാനിഷ് മുതുമുത്തശി കൊറോണയെയും തോല്‍പ്പിച്ചു. ഒരു നൂറ്റാണ്ടിനിടെ വിവിധ മഹാമാരികള്‍ക്ക് സാക്ഷ്യം വഹിച്ച 113കാരിയെ നേരത്തെ സ്പാനിഷ് ഫ്‌ളൂവും പിടികൂടിയിരുന്നു.ഏപ്രില്‍ മാസം കൊറോണ സ്ഥിരീകരിച്ച മരിയ ബ്രന്യസ് ഓലോട്ട് സിറ്റിയിലെ സാന്റാ മരിയ ഡെല്‍ ദുറ കെയര്‍ ഹോമിലായിരുന്നു താമസിച്ചിരുന്നത്. ഇരുപത് വര്‍ഷമായി ഇവിടെയാണ് മുത്തശിയുടെ താമസം.വൈറസ് ബാധയെ തുടര്‍ന്ന് ശ്വാസകോശ സംബന്ധിയായ അസുഖം മൂര്‍ച്ഛിച്ച മുത്തശിയെ അവരുടെ മുറിയില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയായിരുന്നു.എന്നാല്‍ ഇപ്പോള്‍ മുത്തശി വൈറസിനെയും അതിജീവിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടത്തിയ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റിവായതായും അധികൃതര്‍ വ്യക്തമാക്കി. 

മൂന്ന് മക്കളുടെ മാതാവായ ബ്രന്യാസ് ആഴ്ച്ചകളോളം മുറിയില്‍ ഐസൊലേഷനിലായിരുന്നു. പിപിഇ ധരിച്ച ഒരു ജീവനക്കാരി മാത്രമാണ് അവരുടെ ആരോഗ്യനില പരിശോധിക്കാന്‍ മുറിയില്‍ പോകാറുള്ളതെന്ന് കാറ്റലന്‍ പ്രാദേശിക ചാനല്‍ ടിവി 3 പുറത്തുവിട്ട സ്റ്റോറിയില്‍ പറയുന്നു. മുത്തശിയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യത്തെ കുറിച്ച് ചോദിച്ച ജീവനക്കാരോട് 'നല്ല ആരോഗ്യം' എന്ന ലളിതമായ മറുപടിയാണ് അവര്‍ നല്‍കിയത്.

മരിയ ബ്രന്യാസ് 19704 മാര്‍ച്ച് നാലിന് സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ജനിച്ചത്. അവരുടെ പിതാവ് വടക്കന്‍ സ്‌പെയിനില്‍ ജേണലിസ്റ്റായിരുന്നു. ഒന്നാംലോക മഹായുദ്ധ കാലത്ത് ബ്രന്യാസും കുടുംബവും ഒരു ബോട്ടിലാണ് സ്‌പെയിനിലേക്ക് രക്ഷപ്പെട്ടത്. പിന്നീട് സ്‌പെയിനിലാണ് ഇവര്‍ ജീവിച്ചത്. 1918-19 കാലത്ത് ലോകമാകെ വ്യാപിച്ച സ്പാനിഷ് ഫ്‌ളൂ എന്ന മഹാമാരിയും 1936-39ലെ സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തിനുമൊക്കെ മുത്തശിയുടെ ജീവിതം സാക്ഷിയായി. ഇതെല്ലാം അതിജീവിച്ച മുത്തശി ഇപ്പോള്‍ ലോകമാകെ മരണം വിതക്കുന്ന മറ്റൊരു മഹാമാരിയെയും കൂടി തോല്‍പ്പിച്ചിരിക്കുന്നു.കൊറോണയെന്ന മഹാമാരി സ്‌പെയിനില്‍ 27000 പേരുടെ ജീവനാണ് ഇതുവരെ അപഹരിച്ചത്.
 

Latest News