പുതിയ സ്വാശ്രയത്വം: എന്തായിരിക്കും മോഡിയുടെ മനസ്സില്‍

ന്യൂദല്‍ഹി- എല്ലാ വിമര്‍ശകരുടേയും വായടപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യവേ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് സ്വയംപര്യാപ്തത കൈവരിക്കാനുതകുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബുധനാഴ്ച പ്രഖ്യാപിക്കാനിരക്കയാണ്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പേരിലാകും ഇത് പ്രാവര്‍ത്തികമാക്കുകയെന്നും രാജ്യത്തെ വിവിധ മേഖലകള്‍ക്ക് ശക്തമായി തിരിച്ചു വരാനുള്ള ഊര്‍ജം ഈ പാക്കേജ് വഴി ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്.

കോവിഡ് വരുത്തിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധയില്‍നിന്ന് രക്ഷിക്കാന്‍ വലിയ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി നിര്‍ദേശിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതാണ് മോഡി ഇപ്പോള്‍ അക്ഷരംപ്രതി പ്രഖ്യാപിച്ചിരിക്കുന്നത്.
ജി.ഡി.പിയുടെ പത്ത് ശതമാനം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി അനുവദിക്കുമെന്ന പ്രഖ്യാപനം തീര്‍ത്തും അവിശ്വസനീയമായിരുന്നു. അമേരിക്ക, ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ വന്‍തുകയുടെ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കെ ഇന്ത്യ എന്തു കൊണ്ട് മടിച്ചുനില്‍ക്കുന്നുവെന്ന ചോദ്യമാണ് രാഹുല്‍ ഗാന്ധിയും അഭിജിത് ബാനര്‍ജിയും ഉന്നയിച്ചിരുന്നത്.
സമ്പദ് വ്യവസ്ഥ രക്ഷപ്പെടണമെങ്കില്‍ പണം ജനങ്ങളുടെ കൈകളിലെത്തണമെന്നാണ് അഭിജിത് ബാനര്‍ജി പ്രധാനമായും മുന്നോട്ടു വെച്ച നിര്‍ദേശം.
ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമായി ഉത്തേജന പാക്കേജ് മാറുമെന്നാണ് മോഡി പറഞ്ഞിരിക്കുന്നത്. സമസ്ത മേഖലകള്‍ക്കും ഉത്തേജനം നല്‍കാനാണ് പാക്കേജെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ധീരമായ പരിഷ്‌കരണ നടപടികള്‍ ആവശ്യമാണ്. വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകളില്‍ പാക്കേജ് വന്‍ചലനമുണ്ടാകും. ആഗോള വിപണന ശൃംഖലയില്‍ കടുത്ത മത്സരത്തിന് പദ്ധതി രാജ്യത്തെ സജ്ജമാക്കും. ഭൂമി, തൊഴില്‍, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമാകും.

രാജ്യത്തെ ഓരോ തൊഴിലാളിക്കും കര്‍ഷകനും രാജ്യത്തെ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന ഓരോ പൗരനും, മധ്യവര്‍ഗക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അങ്ങനെ രാജ്യത്തെ എല്ലാ സത്യസന്ധരായ പൗരന്‍മാര്‍ക്കുമുള്ളതാണ് ഈ പാക്കേജ്. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട സംരഭകര്‍ക്കും നേട്ടമുണ്ടാകും.
പ്രാദേശിക ഉത്പാദനം ഉറപ്പാക്കിയാല്‍ മാത്രമേ രാജ്യത്തിന് മുന്നേറാനാകൂ എന്ന സന്ദേശത്തില്‍ ഊന്നിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

 

Latest News