ടോക്കിയോ- കോവിഡ് രോഗം കണ്ടെത്തുന്നതിന് വേണ്ടി ജപ്പാൻ തദ്ദേശീയമായി വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ ആന്റിജൻ ടെസ്റ്റിന് ജപ്പാൻ ബുധനാഴ്ച അംഗീകാരം നൽകും. ജപ്പാനിലെ രാസപരിശോധന ലാബ് പരീക്ഷണ ദാതാക്കളായ മിറാക്ക ഹോൾഡിംങ്‌സിന്റെ കീഴിലുള്ള ഫുജിറെബയോ ആണ് ആന്റിജൻ കിറ്റുകൾക്ക് സർക്കാറിന്റെ അംഗീകാരം തേടിയത്. ഒരാഴ്ച നാലുലക്ഷം ടെസ്റ്റ് നടത്താനാണ് നീക്കം. ഇതിലൂടെ പതിനഞ്ച് മിനിറ്റിനകം തന്നെ ഫലമറിയാനാകും. നേരത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് ജപ്പാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു. ചെലവുകുറഞ്ഞ റാപ്പിഡ് ടെസ്റ്റുകളുണ്ടെങ്കിലും കൃത്യത പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. കൃത്യത ഉറപ്പാക്കുന്ന ആന്റിജൻ ടെസ്റ്റ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആരംഭിച്ചിട്ടുണ്ട്. രോഗസാന്നിധ്യം എളുപ്പത്തിൽ കണ്ടെത്തിയാൽ രോഗവ്യാപനം തടയാനാകുമെന്നാണ് ജപ്പാൻ കണ്ടെത്തൽ.