കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ ഹരജി നല്‍കി. അഡ്വ. രാമന്‍പിള്ള മുഖേന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ  തിങ്കളാഴ്ച പരിഗണിക്കും. കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ അറസ്റ്റ് സാധ്യത മുന്നില്‍കണ്ടാണ് കാവ്യയുടെ നീക്കമെന്നു കരുതുന്നു. പള്‍സര്‍ സുനിയെ തനിക്കോ ദിലീപിനോ അറിയില്ലെന്നും സുനി പറയുന്നത് പോലീസ് അതേപടി വിശ്വസിക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടും കേസില്‍ കുടുക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും അന്വേഷണത്തിന്റെ പേരില്‍ പോലീസ് തന്നെ നിരന്തരം വിളിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.

ദിലീപ് അറസ്റ്റിലായതു മുതല്‍ കാവ്യക്കെതിരെയും സംശയം നീണ്ടിരുന്നു. മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളായിരുന്നു കാരണം. എല്ലാത്തിനും പിന്നില്‍ മാഡമാണെന്ന് പല തവണ ആവര്‍ത്തിച്ച സുനില്‍, ഒടുവില്‍ മാഡം കാവ്യാ മാധവനാണെന്ന് പറഞ്ഞിരുന്നു. കാക്കനാട് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനത്തില്‍ സുനില്‍ എത്തിയിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പോലീസ് പരിശോധിച്ചിരുന്നു.

Latest News