റിയാദ് - കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധി കാരണം നാടണയാൻ പരിശ്രമിക്കുന്നവരിൽ ടിക്കറ്റിന് വകയില്ലാതെ പ്രയാസപ്പെടുന്ന 60 പേർക്ക് പ്രവാസി സാംസ്‌കാരിക വേദി ആദ്യഘട്ടത്തിൽ ടിക്കറ്റ് നൽകി സഹായിക്കും.
നാട്ടിൽ പോകാൻ എംബസി ഒരുക്കിയ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി, അവശ്യം നാട്ടിലെത്തേണ്ടവരാണെന്ന് തിരിച്ചറിഞ്ഞ എംബസി തയാറാക്കിയ ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടും, ജോലിയും വരുമാനവും നഷ്ടപ്പെട്ടതുമൂലം ടിക്കറ്റ് വാങ്ങാനാവാതെ പ്രയാസപ്പെടുന്നവർക്കാണ് അഭ്യുതയകാംഷികളുടെ സഹായത്തോടെ ആദ്യ ഘട്ടമെന്ന നിലക്ക് 60 പേർക്ക് ടിക്കറ്റ് നൽകാൻ പ്രവാസി സാംസ്‌കാരിക വേദി തീരുമാനമെടുത്തതെന്ന് സൗദി നാഷനൽ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
പ്രവാസ പോഷക സംഘടനകളുമായി ചേർന്ന് വെൽഫയർ പാർട്ടി പ്രഖ്യാപിച്ച 300 ടിക്കറ്റുകൾ പദ്ധതിയിലാണ് പ്രവാസിയും പങ്കു ചേരുന്നത്.
രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി വലിയ സംഭാവന നൽകിക്കൊണ്ടിരിക്കുന്നവാരാണ് പ്രവാസികൾ എന്നത് കൂടി കണക്കിലെടുത്ത് ദുരിതത്തിലായ എല്ലാ ഇന്ത്യക്കാർക്കും ടിക്കറ്റ് നൽകി കേന്ദ്രസർക്കാർ പ്രവാസികൾക്കൊപ്പം നിൽക്കണം. ഇന്ത്യൻ കമ്യൂനിറ്റി വെൽഫെയർഫണ്ട് ഇതിനായി ഉപയോഗപ്പെടുത്താൻ എംബസി അധികൃതർ തയാറാവണം. സംസ്ഥാന സർക്കാർ മതിയായ അളവിൽ പ്രവാസികളെ കൊറന്റൈനിൽ കഴിയാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചിരിക്കുന്നതിനാൽ സാധ്യമാണെന്നിരിക്കെ കേന്ദ്ര സർക്കാർ വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ അവസരമുണ്ടാക്കണം.
എംബസി ഹെൽപ് ഡെസ്‌ക്, നോർക്ക ഹെൽപ് ഡെസ്‌ക്, സർക്കാർ വളണ്ടിയർ തുടങ്ങിയുള്ള സംവിധാനങ്ങളുമായി സഹകരിച്ചും പ്രവാസി സാംസ്‌കാരിക വേദി നടത്തി വരുന്ന വിപുലമായ സേവന പ്രവർത്തങ്ങളുടെ തുടർച്ചയായാണ് ടിക്കറ്റ് നൽകാനും തീരുമാനിച്ചത്. അർഹരെ കണ്ടെത്താൻ പ്രവാസി സാംസ്‌കാരിക വേദി ഓരോ പ്രവിശ്യയിലും സ്‌ക്രീനിംഗ് പാനലുകൾ രൂപീകരിച്ചിട്ടുണ്ട്. പാനലിന്റെ ശുപാർശ പരിഗണിച്ചായിരിക്കും അർഹർക്ക് സഹായം നൽകുക.






