റിയാദ് - അഞ്ചുദിവസം മുമ്പ് മരുഭൂമിയിൽ കാണാതായ സൗദി പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിൽ കണ്ടെത്തി. റിയാദിന്റെ തെക്ക് ഭാഗത്ത് സുലൈലിലെ മരുഭൂമിയിൽ വഴി തെറ്റി അലയേണ്ടിവന്ന ഫഹദ് ബിൻ മർസൂഖ് അൽവദആനി (22) യെയാണ് വ്യത്യസ്ത ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്താനായത്.
ബുധനാഴ്ചയാണ് ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് രംഗത്തിറങ്ങി. വെള്ളിയാഴ്ച മൂന്നു ടയറും പൊട്ടിയ നിലയിൽ ഇദ്ദേഹത്തിന്റെ പിക്ക് അപ് മരുഭൂമിയിൽ കണ്ടെത്തി.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഞാൻ തെക്കുഭാഗത്തേക്ക് നടക്കുകയാണെന്ന് ദിശാ സൂചിക സഹിതം പിക്ക് അപിന്റെ മുൻഭാഗത്ത് ഇദ്ദേഹം എഴുതിവെച്ചത് ശ്രദ്ധയിൽ പെട്ട ഉദ്യോഗസ്ഥർ ആ ഭാഗത്തേക്ക് അന്വേഷണം തുടങ്ങി.
15 കിലോമീറ്റർ അപ്പുറത്തുനിന്ന് ഇദ്ദേഹത്തെ കണ്ടെത്തുകയും ചെയ്തു. അവശനിലയിലായിരുന്ന അദ്ദേഹത്തെ സുലൈൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സഹോദരിയെ കാണാനാണ് ഇദ്ദേഹം സുലൈലിൽ എത്തിയത്. പിന്നീട് മരുഭൂമിയിൽ കാണാതായ ഇവരുടെ ഒട്ടകത്തെ തേടിപ്പോവുകയായിരുന്നു. തുടർന്ന് ബന്ധുക്കളിലൊരാൾ വാഹനത്തിന്റെ കേടുപാടുകൾ തീർക്കാൻ സഹായിച്ചു. ശേഷം മറ്റൊരു വഴിയിലൂടെ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അങ്ങനെയാണ് വഴി തെറ്റിയതും ടയർ പൊട്ടി പെട്രോൾ തീർന്ന് മരുഭൂമിയിൽ കുടുങ്ങിയത്. നാലു ദിവസം ആരെയും കണ്ടുമുട്ടിയതുമില്ല.
രണ്ടുദിവസം വാഹനത്തിലുണ്ടായിരുന്ന വെള്ളം കുടിച്ച് കഴിഞ്ഞെങ്കിലും മൂന്നാം ദിവസം വിശപ്പ് സഹിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. വഴി തേടി അലയുന്നതിനിടെ കണ്ട തേളുകളെയും മറ്റു ചെറിയ ജീവികളെയും മുൾച്ചെടികളുടെ ഇലകളും ഭക്ഷിച്ചു. ഇനിയൊരിക്കലും രക്ഷപ്പെടില്ലെന്ന് മനസ്സിലാക്കിയതോടെ ഒരു കിണറിനടുത്ത് തന്റെ അന്ത്യാഭിലാഷങ്ങൾ എഴുതിവെച്ച് ഖബർ കുഴിച്ചു അവിടെ ഇരുന്നു. തൊട്ടടുത്ത ദിവസം അതുവഴി ഒരു ജീപ് വരുന്നത് ശ്രദ്ധയിൽ പെട്ടു. തന്നെ തേടി നടക്കുന്ന സംഘത്തിൽ പെട്ടവരുടെ ജീപായിരുന്നു. അവരെന്നെ താങ്ങിയെടുത്ത് ജീപ്പിൽ കിടത്തി നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അദ്ദേഹം പറഞ്ഞു.






