ലക്‌നൗ- ഉത്തര്‍ പ്രദേശില്‍ തീപ്പൊരി ഹിന്ദുത്വ നേതാവ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി ആറു മാസത്തിനിടെ 420 ഏറ്റുമുട്ടലുകള്‍ നടന്നതായി ഔദ്യോഗിക കണക്കുകള്‍. 15 പേരാണ് ഈ പോലീസ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതെന്ന് വെള്ളിയാഴ്ച പുറത്തു വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടും. മാര്‍ച്ച് 20 മുതല്‍ സെപ്തംബര്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 88 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും പറയുന്നു.
ഏറ്റുമുട്ടലുകളെ കുറിച്ച് യുപി പോലീസ് ആസ്ഥാനത്തെ പബ്ലിക് റിലേഷന്‍ ഓഫിസറുടെ തുടര്‍ച്ചായയ ട്വീറ്റുകളാണ് സംശയങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. എണ്ണം തികഞ്ഞി്ട്ടില്ല, ഇനിയുമേറെ പേരെ വെടിവെച്ചു കൊലപ്പെടുത്താനുണ്ടെന്നും പിആര്‍ഒ ആയ രാഹുല്‍ ശ്രീവാസ്തവ സെപ്തംബര്‍ രണ്ടിന് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ ഏറ്റമുട്ടല്‍ കൊലകളുടെ ക്രമാതീതമായ വര്‍ധനയില്‍ സംശയം പ്രകടിപ്പിച്ച് പൗരാവകാശ പ്രവര്‍ത്തകര്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.
ക്രമിനലുകളും ഗുണ്ടകളുമായ പിടികിട്ടാപുള്ളികള്‍ക്കെതിരെയാണ് ഈ ഏറ്റുമുട്ടലുകളെല്ലാം നടന്നതെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ടവരില്‍ 10 പേരും മരിച്ചത് കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ്. 'കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ' ഭാഗാമായാണ് ഈ ഏറ്റമുട്ടലുകളും കൊലപാതകങ്ങളും നടന്നതെന്നും ക്രമസമാധാന ചുമതലയുള്ള ഐജി ഹരി റാം ശര്‍മ പറയുന്നു.
ഏറ്റമുട്ടലുകളുമായി ബന്ധപ്പെട്ട് 1,106 പേരേ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ 84 പേര്‍ പരിക്കേറ്റവരാണ്. 54 പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. 69 ഗുണ്ടാസംഘങ്ങളുടെ സ്വത്ത് കണ്ടു കെട്ടി. നടപടികളൊന്നുമില്ലാതെ ക്രിമിനലുകള്‍ പൊലീസിനു മുമ്പില്‍ കീഴടങ്ങുന്നില്ലെന്നും നിര്‍ബന്ധാവസ്ഥയിലാണ് പൊലീസിനു വെടിവെപ്പ് നടത്തേണ്ടി വരുന്നതെന്നും ശര്‍മ പറയുന്നു.
ഇത് വ്യാജഏറ്റുമുട്ടലുകളാണെന്ന ആരോപണത്തെ അദ്ദേഹം തള്ളി. ഈ ഏറ്റമുട്ടലുകളിലെല്ലാം മജിസ്ട്‌റേറ്റ് അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും കണക്കുകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അതിനിടെ ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പോലീസ് നീക്കങ്ങളില്‍ വ്യാപക ആശങ്കകള്‍ ന്യൂനപക്ഷ വിഭാഗങ്ങളും ദളിതരും പങ്കുവയ്ക്കുന്നതായി മുന്‍ ഐ എ എസ് ഓഫീസറും പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനുമായി ഹര്‍ഷ് മന്ദര്‍ പറയുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും ഗോരക്ഷകരുടെ ആക്രമണങ്ങള്‍ക്കുമിരയാക്കപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്ന സ്‌നേഹ സന്ദേശ യാത്രയുമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിവരികയാണിപ്പോള്‍ മന്ദര്‍.
യുപിയിലൂടെ കടന്നു പോയപ്പോഴുള്ള അനുഭവങ്ങള്‍ മന്ദര്‍ വിവരിച്ചു. ആള്‍കൂട്ട കൊലകള്‍ക്കുമപ്പുറം മുസ്ലിംകളും ദലിതരും ഉള്‍പ്പെടെ നിരവധി പേര്‍ നിയമവിരുദ്ധമായി കൊല്ലപ്പെടുന്നുണ്ടെന്ന് ആദ്ദേഹം ആരോപിച്ചു. ആക്രമണത്തിനിരയായവുരെ കുടുംബങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് ഭീകര അനുഭവങ്ങളാണ്. വര്‍ഗീയ കാരണങ്ങളാല്‍ നിരവധി മുസ്ലിംകള്‍ കൊല്ലപ്പെടുന്നുണ്ട്. ഈ സംഭവങ്ങളെല്ലാം റോഡപകട മരണങ്ങളായും ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലുകളായുമാണ് പോലീസ് ചിത്രീകരിക്കുന്നതെന്ന് ഹര്‍ഷ് മന്ദര്‍് പറയുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചപ്പോള്‍ ഇവരില്‍ പലര്‍ക്കും യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്തവരാണെന്ന് അറിയാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പശുക്കളുമായി പോകുന്നവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും പോലീസ് പിടികൂടി വെടിവച്ചു കൊല്ലുകയും ചെയ്യുന്ന സംഭവങ്ങള്‍ പോലീസ് രേഖകളിലെത്തുമ്പോള്‍ അനധികൃതമായി കാലികളെ കടത്തിയ ട്രക്ക് മറിഞ്ഞ് മരിച്ചുവെന്നായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ കേസുകല്‍ ഇരകള്‍ക്കെതിരെ പശുസംരക്ഷണ നിയമപ്രകാരവും അപകടകരമായ ഡ്രൈവിംഗിനുമൊക്കെയാണ് കേസെടുക്കുന്നത്. പല സംഭവങ്ങളിളും ആക്രമികള്‍ക്ക് പോലീസിന്റെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഇരകളെ പലപ്പോഴും പിടികിട്ടാപുള്ളികളായ ഗുണ്ടകളായും ചിത്രീകരിക്കുന്നു. ഇതാണ് യോഗി ആദിത്യനാഥിന്റെ യുപിയില്‍ നിലവിലുള്ള അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.
ഇരകളാക്കപ്പെട്ട മുസ്ലിം കുടുംബങ്ങള്‍ക്ക് നിതീ തേടി പോലീനെയോ കോടതിയെ പോലും സമീപിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പലരും പരാതിപ്പെടുന്നു പോലുമില്ല. പലരും ഭീതിയോടെയാണ് കാര്യങ്ങള്‍ തങ്ങളോടു സംസാരിച്ചതെന്നും യാത്രാനുഭവത്തില്‍ നിന്നും ഹര്‍ഷ് മന്ദര്‍ പറയുന്നു. ബിജെപി സര്‍ക്കാര്‍ തങ്ങളെ ഒറ്റപ്പെടുത്തുകയാണെന്നും പോലീസും ആള്‍ക്കൂട്ടവും ചേര്‍ന്ന് മുസ്ലിംകളെ കൊലപ്പെടുത്തുമ്പോള്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണെന്നും നിരവധി കുടുംബങ്ങള്‍ ആശങ്കപ്പെട്ടതായി അദ്ദേഹം പറയുന്നു. ഒരു പൊതുവാഹനത്തില്‍ മുസ്ലിം സുഹൃത്തിനൊപ്പം യാത്ര ചെയ്ത ദളിതനെ കൊലപ്പെടുത്തിയ സംഭവവും യുപിയില്‍ ഉണ്ടായിട്ടുണ്ടെന്ന് മന്ദര്‍ പറയുന്നു.