പെഹ്‌ലു ഖാന്‍ വധം: പോലീസ് വെറുതെ വിട്ടതോടെ പ്രതികള്‍ പൊങ്ങി

പെഹ്ലു ഖാന്‍റെ ഭാര്യ ജബുന, മകന്‍ ഇർഷാദ് എന്നിവർ ദല്‍ഹിയില്‍

ജയ്പൂര്‍- പശുക്കളെ കടത്തിയെന്നാരോപിച്ച് രാജസ്ഥാനിലെ അല്‍വാറില്‍ ഗോരക്ഷക ഗുണ്ടകള്‍ പെഹ്‌ലു ഖാനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മുങ്ങിനടക്കുകയായിരുന്ന പ്രതികള്‍ പൊങ്ങി. കഴിഞ്ഞ ദിവസം പോലീസ് വെറുതെ വിട്ട ആറു പ്രതികളാണ് തിരിച്ചു വീടുകളിലെത്തിയത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ സമ്മാനം വരെ പോലീസ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രതികളുടെ പേര് വെളിപ്പെടുത്തിയ പെഹ് ലുഖാന്റെ മരണമൊഴി പോലും കണക്കിലെടുക്കാതെയാണ് തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ക്രൈംബ്രാഞ്ച് സിഐഡി മുഖ്യപ്രതികളായ ആറു പ്രതികള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയത്. 

 

നീതി ലഭിച്ചുവെന്നാണ് മുങ്ങിയ പ്രതികളില്‍ ഒരാളായിരുന്ന ഓം പ്രകാശ് പ്രതികരിച്ചത്. ഇദ്ദേഹം കഴിഞ്ഞ ദിവസം വീട്ടിലെത്തി. പ്രതികളായ ഓം പ്രകാശ് യാദവ് (45), ഹുക്കും ചന്ദ് യാദവ് (44), സുധീര്‍ യാദയ് (45), ജഗ്മല്‍ യാദവ് (73), നവീന്‍ ശര്‍മ (48), രാഹുല്‍ സെയ്‌നി (24) എന്നിവരെയാണ് വെറുതെ വിട്ടത്. ഇവരെ സംരക്ഷിക്കാന്‍ പോലീസിനു മേല്‍ സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇവരില്‍ മൂന്ന് പ്രതികള്‍ സംഘ പരിവാര്‍ ബന്ധമുള്ള ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മരിക്കുന്നതിനു മുമ്പ് ഈ ്പ്രതികളുടെ പേരുകള്‍ പെഹ്‌ലു ഖാന്‍ വിളിച്ചു പറയുകയും ചെയ്തിരുന്നു. 

 

ഹരിയാന സ്വദേശിയായ പെഹ്‌ലു ഖാനെ ജയ്പൂരിലെ ചന്തയില്‍ നിന്നും കാലികളുമായി സ്വന്തം നാടായ ഹരിയാനയിലെ നൂഹിലേക്ക് പോകുന്നവഴി ഏപ്രിലിലാണ് ഗോരക്ഷ വേഷം കെട്ടിയെത്തിയ ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. പശുക്കളെ വളര്‍ത്തി ഉപജീനം നടത്തിവന്ന പെഹ്‌ലു ഖാന് കാലികളെ കൊണ്ടു പോകാന്‍ ആവശ്യമായ എല്ലാ അനുമതികളും രേഖകളും ഉണ്ടായിരുന്നു.

Latest News