വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്
ന്യൂദല്‍ഹി- പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ അടുത്തയാഴ്ച മുതല്‍ പ്രതിഷേധപരിപാടികള്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ധനങ്ങള്‍ക്കേര്‍പ്പെടുത്തിയ നികുതി സംബന്ധിച്ച് ധവളപത്രമിറക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
'സാധാരണക്കാരന്റെ ചെലവലില്‍ കേന്ദ്രസര്‍ക്കാര്‍ കൊള്ളലാഭം കൊയ്യുകയാണ്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ക്രൂഡ ഓയിലിന്റെ അന്താരാഷ്ടവില 52 ശതമാനത്തോളം ഇടിഞ്ഞെങ്കിലും പെട്രോള്‍ വില മൂന്നു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍ വില്‍പ്പന നടത്തുന്നത്. കേന്ദ്ര നികുതികളില്‍ വന്‍ വര്‍ധനവ് വരുത്തിയാണ് ബിജെപി സര്‍ക്കാര്‍ കൊള്ളലാഭം കൊയ്യുന്നതെന്നും മുതിര്‍ന്ന് കോണ്‍്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു.
കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ സര്‍ക്കാര്‍ പെട്രോളിയം ഉള്‍പ്പന്നങ്ങളുടെ കേന്ദ്ര എക്‌സൈസ് തീരുവ 11 തവണ വര്‍ധിപ്പിച്ചു. പെട്രോള്‍ വിലയില്‍ 133 ശതമാനവും ഡീസല്‍ വിലയില്‍ 400 ശതമാനവുമാണ് വര്‍ധനയുണ്ടായത്. 100 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 51.78 രൂപയും ഡീസല്‍ അടിച്ചാല്‍ 44.40 രൂപയുമാണ് ഉപഭോക്താവില്‍ നിന്നും നികുതി ഇനത്തില്‍ ഈടാക്കുന്നത്.
ഇതിനു പുറമെ സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 75 രൂപ വര്‍ധിപ്പിച്ച് മോഡി സര്‍ക്കാര്‍ 18.11 കോടി എല്‍പിജി ഉപഭോക്താക്കളേയും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്നും മാക്കന്‍ ആരോപിച്ചു.
ഇന്ധന വില വര്‍ധനയെ അസംബന്ധ കാരണങ്ങള്‍ പറഞ്ഞാണ് മോഡി സര്‍ക്കാര്‍ ന്യായീകരിക്കുന്നത്. അമേരിക്കയിലുണ്ടായ ഹാര്‍വി, ഇര്‍മ ചുഴലിക്കൊടുങ്കാറ്റിനെയാണ് വിലവര്‍ധനയ്ക്ക് കുറ്റപ്പെടുത്തുന്നത്. ഇന്ധന വിലയ്ക്കുമേല്‍ ചുമത്തിയ വര്‍ധിത കേന്ദ്ര നികുതികള്‍ വെട്ടിച്ചുരുക്കി എത്രയും വേഗം തെറ്റുതിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മാക്കന്‍ ആവശ്യപ്പെട്ടു.






