ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി ഇന്ന് പരിഗണിക്കും

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി നടന്‍ ദിപീപിന്റെ ജാമ്യാപേക്ഷ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. രണ്ടു മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതും ഇന്നാണ്. നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. തടവില്‍ കഴിയുന്നതിനിടെ അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ നേരത്തെ അങ്കമാലി കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു.

 

നടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെ ഉള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയാതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലില്‍ 60 ദിവസം പിന്നിട്ടതിനാല്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

ദിലീപിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും നടപടികള്‍. സുഹൃത്ത് നാദിര്‍ഷയെ ചോദ്യം ചെയ്യാനാകാത്തത് കാണിച്ച് പോലീസ് കോടതിയില്‍ ശക്തമായ നിലപാടെടുക്കും. പ്രതി സുനില്‍ കുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിച്ചു വരുന്നത്. നാദിര്‍ഷയുടെ അനാരോഗ്യം കാരണം പോലീസിനു ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനായില്ല.

 

 

 

Latest News