Sorry, you need to enable JavaScript to visit this website.

പെഹ്‌ലു ഖാന്റെ മകന്‍ ചോദിക്കുന്നു: ആ വിഡിയോയില്‍ കാണുന്നവരല്ലെങ്കില്‍ പിന്നെ പിതാവിനെ കൊന്നതാര്?

ന്യൂദല്‍ഹി- ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്‌ലു ഖാന്റെ മരണമൊഴി പോലും പരിഗണിക്കാതെ പ്രതികളെ വെറുതെ വിട്ടതിനെതിരെ നിയമ പോരാട്ടത്തിനായി കുടുംബം ദല്‍ഹിയിലെത്തി. സമ്മർദങ്ങള്‍ക്കു വഴങ്ങി പ്രതികളെ രാജസ്ഥാന്‍ പോലീസ് വെറുതെ വിട്ട സാഹചര്യത്തില്‍ കേസ് അന്വേഷണത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നും കേസ് രാജസ്ഥാനു പുറത്തേക്കു മാറ്റണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. കേസ് അന്വേഷിക്കുന്ന രാജസ്ഥാന്‍ പോലീസ് പ്രതികളെ തിരിച്ചറിയാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുപോലുമില്ലെന്ന് പെഹ്‌ലു ഖാനൊപ്പം ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മകന്‍ ഇര്‍ഷാദ് ഖാന്‍ ആരോപിച്ചു.

 

അല്‍വാറിലെ ബെഹ്‌റോറില്‍ വച്ചാണ് പെഹ്‌ലു ഖാനേയും മക്കളായ ഇര്‍ഷാദിനേയും ആരിഫിനേയും ആള്‍ക്കൂട്ടം തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. 55-കാരനായ പെഹ്‌ലു ഖാന്‍ സംഭവത്തില്‍ മരിക്കുകയും മക്കള്‍ പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു.

 

കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ്‌വിജയ സിങിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇര്‍ഷാദ് നീതിക്കായുള്ള പോരാട്ടത്തിനിറങ്ങുന്നതായി വ്യക്തമാക്കിയത്. 'സംഭവത്തിലെ ഒരു ദൃക്‌സാക്ഷിയാണ് ഞാന്‍. പക്ഷേ പ്രതികളെ തിരിച്ചറിയാന്‍ ഇതുവരെ രാജ്സ്ഥാന്‍ പോലീസ് എന്നെ വിളിപ്പിച്ചിട്ടില്ല. കേസിലെ 13 പ്രതികളില്‍ ആറു പേരെ ഇ്‌പ്പോള്‍ വെറുതെ വിട്ടിരിക്കുന്നു. അഞ്ചു പേര്‍ക്ക് ജാമ്യവും ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യത്തില്‍ കാണുന്നവര്‍ എന്റെ പിതാവിനെ കൊന്നിട്ടില്ലെങ്കില്‍ പിന്നെ ആരാണ് അത് ചെയ്തത്?' ഇര്‍ഷാദ് ചോദിക്കുന്നു. 

 

വെറുതെ വിട്ട പ്രതികളായ ഓം യാദവ്, ഹുക്കും ചന്ദ് യാദവ്, സുധീര്‍ യാദവ്, ജഗ്മല്‍ യാദവ്, നവീന്‍ ശര്‍മ്, രാഹുല്‍ സൈനി എന്നിവരെല്ലാം പെഹ് ലു ഖാന്റെ മരണമൊഴിയില്‍ പരാമര്‍ശിക്കപ്പെട്ടവരാണ്. ഇതോടെ കുടുംബം നിസ്സഹായാവസ്ഥയിലും വഞ്ചിക്കപ്പെട്ട അവസ്ഥയിലുമാണെന്ന് 24-കാരനായ ഇര്‍ഷാദ് പറഞ്ഞു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികളില്‍ നിന്ന് നിരന്തരം ഭീഷണി ഉണ്ടെന്നും കുടുംബം വെളിപ്പെടുത്തി.  

 

സുപ്രീം കോടതിയില്‍ മാത്രമാണ് ഇനി വിശ്വാസമുള്ളത്. എത്രയും വേഗം കേസ് അന്വേഷണം രാജസ്ഥാനു പുറത്തേക്കു മാറ്റണം. ജീവനുള്ളിടത്തോളം കാലം ഈ കേസുമായി മുന്നോട്ടു പോകും. പക്ഷേ ജീവനു ഭീഷണിയുള്ള രാജസ്ഥാനില്‍ തനിക്കതു കഴിയില്ലെന്നും ഇര്‍ഷാദ് പറഞ്ഞു.

 

രാജ്യത്ത് ഭീതിയുടേയും ഭീകരതയുടേയും ഒരന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ആള്‍കൂട്ട കൊലപാതകത്തിനു മര്‍ദ്ദനത്തിയും ഇരയാക്കപ്പെട്ട എല്ലാവര്‍ക്കും വേണ്ടി കോണ്‍ഗ്രസ് ശക്തമായി പൊരുതുമെന്നും ദിഗ് വിജയ സിങ് പറഞ്ഞു.

 

കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗമായിരുന്ന പശുവളര്‍ത്തല്‍ പെഹ്‌ലു ഖാന്റെ മരണത്തോടെ പൂര്‍ണായും നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. പെഹ്‌ലു ഖാന്റെ ഭാര്യ ജെബുന, എട്ടു വയസ്സുള്ള മകന്‍ ഇന്‍സാദ്, അമ്മാവന്‍ ഹുസൈന്‍ ഖാന്‍, ബന്ധുക്കളായ ഹക്കമുദ്ദീന്‍, ജമീല്‍ അഹമദ് എന്നിവരും ദല്‍ഹിയിലെത്തിയിട്ടുണ്ട്. 

 

 

 

Latest News