Sorry, you need to enable JavaScript to visit this website.
Saturday , May   30, 2020
Saturday , May   30, 2020

ട്രെയിനുകൾ വീണ്ടും, ഹോട്ട് സ്‌പോട്ടായി ചെന്നൈ

ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നായ ഇന്ത്യൻ റെയിൽവേ വീണ്ടും സജീവമാകുന്നു. ഇന്ന് മുതൽ ട്രെയിനുകൾ വീണ്ടും ഓടും. പഴയത് പോലെയാവാൻ ആഴ്ചകൾ ഇനിയും വേണ്ടി വരും. എന്നിരുന്നാലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ട്രെയിനുകളുണ്ടാവും. 
ദൽഹിയും മുംബൈയും തിരുവനന്തപുരവും ചെന്നൈയും ബംഗളൂരുവും ഉൾപ്പെടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന തീവണ്ടി സർവീസുകളാണ് ചൊവ്വാഴ്ച്ച മുതൽ തുടങ്ങുന്നത്. ഈ സർവീസുകളിലേക്ക് ഓൺലൈൻ വഴിയാണ് ബുക്കിംഗ്. സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ ഒരു കാരണവശാലും തുറക്കില്ല. ടിക്കറ്റെടുക്കാൻ ആരും സ്‌റ്റേഷനുകളിൽ വരരുതെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. ഓൺലൈൻ വഴി എടുത്ത ടിക്കറ്റുകൾ ഉള്ളവരെ മാത്രമേ റെയിൽവേ സ്‌റ്റേഷനുകളിലേക്ക് സാമൂഹിക അകലം പാലിച്ച് കടത്തിവിടൂ. എല്ലാ യാത്രക്കാരും മുഖത്ത് മാസ്‌കുകൾ ധരിക്കണമെന്ന് നിർബന്ധമാണ്. 


യാത്ര തുടങ്ങുന്ന ഇടത്ത് കൃത്യമായ പരിശോധനകളുണ്ടാകും. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂവെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കിട്ടുണ്ട്. ഓടിത്തുടങ്ങുന്ന ട്രെയിനുകൾക്ക് കുറഞ്ഞ സ്‌റ്റോപ്പുകൾ മാത്രമേ ഉണ്ടാകൂ. രാജധാനി എക്‌സ്പ്രസിന് സമാനമായ ഉയർന്ന നിരക്കാവും ട്രെയിനുകളിൽ ഈടാക്കുക. യാത്രാ ഇളവുകൾ ലഭ്യമാവില്ല. ഉദാഹരണത്തിന് ദൽഹിയിൽ നിന്ന് കൊങ്കൺ വഴി തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകൾക്ക് രാജധാനിയുടെ നിരക്കാണ്. അതായത് വിമാനത്തിലെ ഇക്കോണമി ക്ലാസിന് തുല്യം. കാങ്കനടി (മംഗലാപുരം),  കോഴിക്കോട്, എറണാകുളം എന്നിവയാവും കേരളത്തിലും തൊട്ടടുത്തുമുള്ള സ്‌റ്റോപ്പുകൾ. 
 ദിബ്രുഗഢ്, അഗർത്തല, ഹൗറ, പട്‌ന, ബിലാസ്പൂർ, റാഞ്ചി, ഭുബനേശ്വർ, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മുതാവി എന്നീ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കുന്ന 15 തീവണ്ടികളാണ് ആദ്യഘട്ടത്തിൽ ഉണ്ടാകുക.
ഇതിന് ശേഷവും ലഭ്യമായ കോച്ചുകൾ ഉപയോഗിച്ച് കൂടുതൽ പ്രത്യേക സർവീസുകൾ തുടങ്ങുമെന്നും കേന്ദ്രറെയിൽവേ മന്ത്രാലയം വ്യക്തമാക്കിട്ടുണ്ട്. നിലവിൽ 20,000 കോച്ചുകളെ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റിയിരിക്കുകയാണ് റെയിൽവേ. മാത്രമല്ല, 300 തീവണ്ടികൾ ശ്രമിക് സ്‌പെഷ്യൽ തീവണ്ടികളാണ്. ഇവ അതിഥിത്തൊഴിലാളികൾക്ക് വേണ്ടി മാത്രമുള്ളതാണ്.
ഇതെല്ലാം നല്ലത്. കാര്യങ്ങൾ പഴയ നിലയിലേക്ക് മാറുന്നത് ആരെയാണ് ആഹ്ലാദിപ്പിക്കാത്തത്. 


ട്രെയിനുകളോടി തുടങ്ങുമ്പോൾ ദക്ഷിണേന്ത്യയ്ക്ക് പ്രധാനം ചെന്നൈ സെൻട്രൽ സ്റ്റേഷനാണ്. സൗത്ത് ഇന്ത്യയിൽ തീവണ്ടി സർവീസുകളുടെ കേന്ദ്രബിന്ദു ചെന്നൈ നഗരമാണ്. മെട്രോ നഗരമായ ചെന്നൈ ആണ് ആന്ധ്രാ പ്രദേശ്, കേരളം, തെലങ്കാന, പുതുശേരി, കർണാടക സംസ്ഥാനങ്ങളുടെ കേന്ദ്രബിന്ദു. ഇപ്പോഴത്തെ അവസ്ഥയിൽ ചെന്നൈ കോവിഡ് ബാധയുടെ കൂടി കേന്ദ്രമാണ്. തെന്നിന്ത്യയിലെ ഏറ്റവും വലിയ കൊറോണ ഹോട്ട്‌സ്‌പോട്ട് തമിഴ്‌നാട് തലസ്ഥാനമാണ്. ചെന്നൈയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 509 പേർക്കാണ്.  ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 3,839 ആയി ഉയർന്നു. കോവിഡ് ബാധിതർ കൂടുമ്പോഴും തമിഴ്‌നാട്ടിൽ ഇന്നലെ മുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച തമിഴ്‌നാട്ടിൽ മൂന്നു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ ആകെ മരണം 47 ആയി.
ഞായറാഴ്ച ആകെ റിപ്പോർട്ട് ചെയ്തത് 669 കൊവിഡ് കേസുകളാണ്. നിലവിൽ രോഗബാധിതരുടെ എണ്ണം 7204 ആണ്. 5,195 പേരാണ് ചികിത്സയിലുള്ളത്. ഇളവ് പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറു മണി മുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.


ഒരു കാലത്ത് മലയാളിയുടെ സിനിമാസ്വപ്‌നങ്ങളുടെ പറുദീസയായിരുന്ന കോടമ്പാക്കം ഇപ്പോൾ കോവിഡ് ആസ്ഥാനമായി മാറിയിരിക്കുകയാണ്. ചെന്നൈ കോർപറേഷനിലെ 15 സോണുകളിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സോണായി കോടമ്പാക്കം മാറി കഴിഞ്ഞു. കോടമ്പാക്കത്തു മാത്രം 461 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലാകെ കോവിഡ് രണ്ടാം വ്യാപനത്തിന് കാരണമായ കോയമ്പേട് മാർക്കറ്റ് തന്നെയാണു കോടമ്പാക്കത്തും കോവിഡിന് കാരണമായത്. ഏഷ്യയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി മാർക്കറ്റായ കോയമ്പേട് ലോക്ഡൗൺ കാലത്തും സാധാരണ രീതിയിലാണ്  പ്രവർത്തിച്ചിരുന്നത്. സാമൂഹിക അകലം ഉൾപ്പെടെ മുൻകരുതൽ നടപടികളൊന്നും പാലിക്കാതെയായിരുന്നു പ്രവർത്തനം. പല തവണ പോലീസും അധികാരികളും മുന്നറിയിപ്പു നൽകിയിട്ടും ഇതു ഗൗരവത്തിലെടുത്തിരുന്നില്ല. ചെന്നൈയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണു കോയമ്പേടിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടു പൂക്കച്ചവടക്കാർക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. കോയമ്പേട് മാർക്കറ്റ് ഉൾപ്പെടുന്ന കോർപറേഷൻ സോണാണ് കോടമ്പാക്കം.ഒരാഴ്ച മുൻപുവരെ കോടമ്പാക്കം സോൺ നഗരത്തിലെ സുരക്ഷിത മേഖലകളിലൊന്നായിരുന്നു. എന്നാൽ, കോയമ്പേട് മാർക്കറ്റ് കോവിഡ് പ്രഭവ കേന്ദ്രമായി മാറിയപ്പോൾ കോടമ്പാക്കത്തും സ്ഥിതി മാറി. അഞ്ചു ദിവസത്തിനിടെ 300ലേറെ കേസുകളാണു മേഖലയിൽ നിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോയമ്പേട് മാർക്കറ്റിനു പുറമേ, നഗരത്തിലെ റസിഡൻഷ്യൽ മേഖലകളായ അശോക് നഗർ, കെ.കെ നഗർ, വ്യാപാര കേന്ദ്രമായ ടി. നഗർ എന്നിവ ഉൾപ്പെടുന്നതാണു കോടമ്പാക്കം സോൺ. ചെന്നൈ ടി നഗർ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ വ്യാപാര മേഖലയാണ്. രോഗവ്യാപനത്തിന്റെ ആശങ്ക നിറഞ്ഞ കാലത്താണ് ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്്‌മോർ സ്‌റ്റേഷനുകളിൽനിന്ന് ട്രെയിനുകളുടെ ചൂളംവിളി ഉയരുന്നത്.

Latest News