വാക്സിന്‍ ഒരു പ്രതീക്ഷയാണ്, ഒരുപക്ഷേ കണ്ടെത്തിയില്ലെന്നും വരാം; ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍- ലോകത്താകമാനം പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരിക്കെതിരെ വാക്സിന് കണ്ടെതാനാവുമെന്ന് ഉറപ്പുപറയാനാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവു പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ജോണ്‍സണ്‍ ഇക്കാര്യം പറഞ്ഞത് . ഒരിക്കലും വാക്‌സിന്‍ കണ്ടെത്താനാവാത്ത സാഹചര്യം കൂടി കണക്കിലെടുത്ത് മുന്നോട്ടുള്ള കാലം ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി.

'വാക്‌സിന്‍ വികസിപ്പിക്കുകയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള ശാശ്വതമായ പരിഹാരം. അതിനുള്ള ശ്രമങ്ങള്‍ ലോകമെങ്ങും നടക്കുകയാണ്. ബ്രിട്ടനും ഇക്കാര്യത്തില്‍ തീവ്രമായ പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. വാക്‌സിന്‍ കണ്ടെത്തി പ്രായോഗികമായ തലത്തില്‍ എത്താന്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ സമയമെടുക്കുമെന്നാണ് അറിയുന്നത്. ഒരുപക്ഷേ വാക്‌സിന്‍ കണ്ടെത്തിയില്ലെന്നും വരാം'- ജോണ്‍സണ്‍ പറഞ്ഞു.

വാക്‌സിന്‍ കണ്ടെത്തും എന്നത് ഒരു പ്രതീക്ഷയാണ്. പ്രതീക്ഷയെ ആസൂത്രണം എന്നു വിളിക്കാനാവില്ല. അതുകൊണ്ട് വാക്‌സിന്‍ കണ്ടെത്താത്ത ഒരു സാഹചര്യത്തിലേക്കുള്ള ആസൂത്രണമാണ് നാം നടത്തേണ്ടത്. പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശീലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച സര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചത്. ആളുകളോട് പരമാവധി വീട്ടില്‍ ഇരുന്നുള്ള ജോലി തുടരാനാണ് നിര്‍ദ്ദേശം. എന്നാല്‍ അതിനു കഴിയാത്തവര്‍ക്ക് ജോലി സ്ഥലത്തു പോവാന്‍ അനുവാദമുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. അതേസമയം, നിയന്ത്രണങ്ങൾ‌ ലഘൂകരിക്കുന്നത്‌ വൈറസിന്റെ പുനരുജ്ജീവനത്തിന് കാരണമാകുമെന്ന് കണ്ടാല്‍ വീണ്ടും പ്രാദശികമായോ, ദേശീയതലത്തില്‍തന്നെയോ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest News