കോവിഡ് പ്രതിരോധത്തിൽ കേരളം നടത്തിയ പ്രകടനം ലോകമാകെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണല്ലോ. തീർച്ചയായും വലിയ നേട്ടമാണ് നമ്മുടേത്. എന്നാൽ നിർഭാഗ്യവശാൽ അതേക്കുറിച്ചുള്ള അവകാശവാദങ്ങളും തർക്കങ്ങളുമാണ് ഇവിടെ നടക്കുന്നത്. അതെല്ലാം മാറ്റിവെച്ച് ഈ സാഹചര്യത്തെ വരുംകാല പ്രതിസന്ധി കാലത്ത് എങ്ങനെ ഗുണകരമാക്കി മാറ്റാമെന്നതിനെ കുറിച്ചാണ് നാമിപ്പോൾ ആലോചിക്കേണ്ടത്. തീർച്ചയായും അതിനുള്ള സാധ്യതകൾ നമുക്കു മുന്നിലുണ്ട്.
കേരളത്തിന്റെ പ്രധാനപ്പെട്ട അഞ്ചോ ആറോ വരുമാന മാർഗങ്ങളിൽ ഒന്നാണല്ലോ ടൂറിസം. കോവിഡാനന്തര കാലം ടൂറിസത്തെ തകർക്കുമെന്നാണ് സ്വാഭാവികമായ വിലയിരുത്തൽ. അതു ശരിയാണുതാനും. എന്നാൽ ഈ സാഹചര്യത്തെ ഗുണകരമാക്കി മാറ്റാനാവുമോ എന്നാണ് ഇപ്പോൾ ആലോചിക്കേണ്ടത്. തീർച്ചയായും സാധിക്കേണ്ടതാണ്. കേരളത്തിലടക്കം ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇപ്പോൾ തന്നെ നിലവിലുള്ള മെഡിക്കൽ ടൂറിസ സാധ്യതകൾ കൂടുതൽ വിപുലമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ നമ്മൾ നേടിയ നേട്ടങ്ങൾ തന്നെയാണ് ശരിയായ അർത്ഥത്തിൽ നമ്മൾ മാർക്കറ്റ് ചെയ്യേണ്ടത്.
ആയിരക്കണക്കിന് വർഷം മുമ്പ് സതേണിക് ഗൾഫിലെ ഹെവി സവാരിയ എന്ന ഒരു ചെറിയ നഗരത്തിൽ രോഗചികിത്സയുടെ ദേവനായ അത്കലോലിയോസിന്റെ ക്ഷേത്രം നിലനിന്നിരുന്നതായി വിശ്വാസമുണ്ടായിരുന്നു. രോഗശാന്തിക്കായി ഗ്രീക്ക് തീർത്ഥാടകർ ഈ ക്ഷേത്രത്തിലേക്ക് നിരന്തരമായി എത്തിയിരുന്നത്രേ. അതാണ് മെഡിക്കൽ ടൂറിസത്തിന്റെ പ്രാരംഭ സങ്കൽപം എന്നു കരുതുന്നവരുണ്ട്. എന്തായാലും അവികസിത രാജ്യങ്ങളിൽ നിന്ന് വികസിത രാജ്യങ്ങളിലേക്ക് ചികിത്സക്കായി ജനങ്ങൾ ഇപ്പോഴും ഒഴുകുന്നു.
പലയിടങ്ങളിലും ചികിത്സയോടൊപ്പം സഞ്ചാരങ്ങളായും അത് വളർന്നു. മെഡിക്കൽ ടൂറിസം എന്ന പദം അങ്ങനെയാണ് വ്യാപകമായത്. എന്നാൽ വികസിത രാജ്യങ്ങളിലെ ചികിത്സാ ചെലവ് അതിഭീമമായി ഉയരുകയും പല വികസ്വര രാഷ്ട്രങ്ങളിലെയും ചികിത്സാമേഖല വളരുകയും ചെയ്തതോടെ മെഡിക്കൽ ടൂറിസത്തിന്റെ ദിശ മാറി. പല വികസര രാഷ്ട്രങ്ങളിലേക്കും വികസിത രാഷ്ട്രങ്ങളിൽ നിന്ന് ചികിത്സക്കായി ജനങ്ങൾ എത്താൻ തുടങ്ങി.
അത്തരത്തിൽ ഒരു സ്ഥാനം ലോക ഭൂപടത്തിൽ ഇന്ത്യക്കുണ്ട്. കേരളത്തിനാകട്ടെ മറ്റൊരു സാധ്യത കൂടിയുണ്ടായിരുന്നു. അത് മറ്റൊന്നുമല്ല, നമ്മുടെ ആയുർവേദം തന്നെ. രോഗ ചികിത്സയേക്കാളുപരി രോഗപ്രതിരോധത്തിനും സുഖ ചികിത്സക്കുമായാണ് ജനങ്ങൾ കേരളത്തിലെത്തിയത്. തീർച്ചയായും എവിടെയും സാധ്യതയുള്ള പോലെ ഇക്കാര്യത്തിലും തട്ടിപ്പും വെട്ടിപ്പുമൊക്കെ നടക്കുന്നുണ്ട്. അതില്ലാതാക്കേണ്ടത് ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന്റെ കടമയാണ്.
ആയുർവേദവുമായി ബന്ധപ്പെട്ട സാധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതോടൊപ്പം ഇപ്പോൾ അലോപ്പതിയുമായി ബന്ധപ്പെട്ട സാധ്യതകളും നമുക്ക് ഉയർന്നുവന്നിരിക്കുകയാണ്. കേരളത്തേക്കാൾ ആധുനിക സൗകര്യങ്ങൾ രാജ്യത്ത് മറ്റു പല സംസ്ഥാനത്തുമുണ്ടായിരിക്കാം. എന്നാൽ ഒരു നൂറ്റാണ്ടിൽപരമായി തുടർച്ചയുള്ള വിവിധ കാരണങ്ങൾ മൊത്തത്തിലുള്ള പൊതുജനാരോഗ്യത്തിൽ, പ്രത്യേകിച്ച് പൊതുമേഖലയിൽ നമ്മൾ വളരെ മുന്നിലാണ്. അതൊന്നു കൂടി ഉറപ്പിച്ചിരിക്കുകയാണ് ഈ സന്ദർഭം. മാത്രമല്ല ലോകത്തിനും അതു ബോധ്യപ്പെട്ടു. ഈ സാഹചര്യത്തെയാണ് പോസറ്റീവ് അർത്ഥത്തിൽ നാം ഉപയോഗിക്കണമെന്ന് പറഞ്ഞത്.
ഇപ്പറഞ്ഞതിനർത്ഥം സമീപകാലത്ത് ഒരു വിഭാഗം ആഘോഷിക്കുന്ന പോലെ നമ്മൾ എല്ലാം തികഞ്ഞവരാണ് എന്നല്ല. പ്രാഥമികാരോഗ്യ മേഖലക്കു മുകളിൽ നമ്മുടെ അവസ്ഥ മോശം തന്നെയാണ്. വൈറസുകൾക്ക് അക്രമിക്കാൻ എളുപ്പമായ ജീവിതചര്യാ രോഗങ്ങളിൽ നാം മുന്നിലാണ്. ശരാശരി ആയുസ്സ് വർധിച്ചു എന്നഹങ്കരിക്കുമ്പോൾ വൃദ്ധരുടെ അവസ്ഥ ദയനീയമാണ്. പനി വന്നു മരിക്കുന്നവരുടെ എണ്ണത്തിൽ പോലും നമ്മൾ മുന്നിലാണ്. മാനസികാരോഗ്യത്തിൽ വളരെ പിറകിലാണെന്നതിന് ഉദാഹരണമാണ് കൂടുന്ന ആത്മഹത്യയും ലഹരി ഉപയോഗവും. ലൈംഗികതയുടെ കാര്യത്തിലാകട്ടെ നമ്മൾ എത്രയോ പിന്നോക്കാവസ്ഥയിലാണ്. ഏറ്റവും വലിയ ആരോഗ്യ കച്ചവടം നടക്കുന്നത് കേരളത്തിലാണ്. കഴുത്തറുപ്പൻ കച്ചവടമാണ് സ്വകാര്യ ആശുപത്രികളിൽ നടക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ രംഗവും കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു. അതിനെല്ലാം കടിഞ്ഞാണിടാനായാലേ മെഡിക്കൽ ടൂറിസ രംഗത്ത് ഒരു കുതിച്ചുചാട്ടം സാധ്യമാകൂ. അലോപ്പതിയും ആയുർവേദവും മാത്രമല്ല, മറ്റെല്ലാ വൈദ്യശാഖകളുമായി സമന്വയിപ്പിച്ചാണ് നമ്മൾ നമ്മളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കേണ്ടത്. തങ്ങൾ മാത്രമാണ് ശരിയെന്ന അലോപ്പതി ഡോക്ടർമാരുടെ അഹന്തക്ക് അവസാനമായാലേ ഇതൊക്കെ സാധ്യമാകൂ.
തീർച്ചയായും ഇതൊരു അവസരമാണ്. പൂർണമായും പൊതുമേഖലയിൽ ഇത്തരമൊരു സാധ്യത മുഴുവനായും ഉപയോഗിക്കാനാവില്ല. എന്നാൽ സർക്കാർ നിയന്ത്രണത്തോടെയാവണം മെഡിക്കൽ ടൂറിസം വളരേണ്ടത്. പേരിൽ പറയുന്ന പോലെ അതിനെ ടൂറിസവുമായി ബന്ധിപ്പിക്കണം. അക്കാര്യത്തിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലമാണല്ലോ കേരളം. ഉത്തരവാദിത്ത ടൂറിസം എന്ന സങ്കൽപത്തിൽ നിന്നു വേണം തികഞ്ഞ ജാഗ്രതയോടെ മെഡിക്കൽ ടൂറിസത്തെ നമ്മുടെ ഭാവി സാധ്യതയായി വികസിപ്പിക്കാൻ. ആ ദിശയിലുള്ള ചർച്ചകളുടെ സമയമാണിത്.