Sorry, you need to enable JavaScript to visit this website.

ഐസിയുവില്‍ അഗ്നിബാധ; റഷ്യയില്‍ അഞ്ച് കോവിഡ് രോഗികള്‍ വെന്തുമരിച്ചു

മോസ്കോ- റഷ്യയില്‍ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് അഞ്ച് കോവിഡ് രോഗികള്‍ വെന്തുമരിച്ചു. സെന്റ് പീറ്റേഴ്‌സ്ബർഗിലെ സെന്റ് ജോർജ്ജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയുടെ നാലാം നിലയിലെ തീവ്രപരിചരണവിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ വെന്റിലേറ്ററിലായിരുന്ന രോഗികളാണ് കൊല്ലപ്പെട്ടത്. 150 ഓളം പേരെ ഇവിടെനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 

തീ അരമണിക്കൂറിനുള്ളിൽ അണച്ചതായും കേടുവന്ന വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതാണ് അപകടകാരണമായതെന്നും ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി സെന്റ് ജോർജ് ആശുപത്രി അടുത്തിടെ പുനർനിർമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുനര്‍നിര്‍മാണത്തിനിടെ പാകപ്പിഴവുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതും അന്വേഷണ വിധേയമാക്കുന്നുണ്ട്.

കോവിഡ് വ്യാപനത്തിനിടെ റഷ്യയിലെ ആശുപത്രികളിലുണ്ടാവുന്ന രണ്ടാമത്തെ തീപിടുത്തമാണ് ഇത്. ശനിയാഴ്ച മോസ്കോയിലെ സ്പാസോകുകോട്‌സ്കി ആശുപത്രിയില്‍ തീപിടുത്തത്തിൽ ഒരു രോഗി മരിച്ചിരുന്നു.

Latest News