ന്യൂയോർക്ക്- കോവിഡുമായി ബന്ധപ്പെട്ട പ്രതിദിന അവലോകന യോഗത്തിന് ശേഷം വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ചൈനീസ് വംശജയായ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സി.ബി.എസ് ന്യൂസിന്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റായ വെയ്ജ ജിയാങിന്റെ ചോദ്യത്തിനാണ് ട്രംപ് അധിക്ഷേപാർഹമായ മറുപടി നൽകിയത്.
80000 ത്തിലധികം അമേരിക്കക്കാർ കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ എന്തുകൊണ്ടാണ് കോവിഡ് പരിശോധന ഒരു ആഗോള മത്സരമായി താങ്കൾ കണക്കാക്കുന്നത് എന്നായിരുന്നു അമേരിക്കൻ മാധ്യമപ്രവർത്തകയുടെ ചോദ്യം.അക്കാര്യം നിങ്ങൾ ചൈനയോട് ചോദിക്കുന്നതാണ് നല്ലത് എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്തിനാണ് എന്നോട് പ്രത്യേകമായി ഇക്കാര്യം ചോദിക്കുന്നത് എന്ന് മാധ്യമപ്രവർത്തക മറുപടി പറഞ്ഞെങ്കിലും മോശമായ ചോദ്യം ചോദിക്കുന്ന എല്ലാവരോടുമായാണ് ഇക്കാര്യം പറഞ്ഞത് എന്നായിരുന്നു ട്രംപിന്റെ മറുപടി. മറ്റൊരു മാധ്യമപ്രവർത്തകന്റെ നേരെ അടുത്ത ചോദ്യത്തിനായി ട്രംപ്് വിരൽ ചൂണ്ടുകയും ചെയ്തു.
എന്നാൽ എനിക്ക് എനിക്ക് രണ്ടു ചോദ്യം ചോദിക്കാനുണ്ട് എന്ന് സി.എൻ.എൻ റിപ്പോർട്ടർ പറഞ്ഞെങ്കിലും ട്രംപ് അനുവദിച്ചില്ല. അടുത്ത റിപ്പോർട്ടർക്ക് അവസരം നൽകിയതിനിടെ എനിക്ക് നേരെയാണ് താങ്കൾ വിരൽ ചൂണ്ടിയതെന്ന് സി.എൻ.എൻ റിപ്പോർട്ടർ പറഞ്ഞെങ്കിലും
നിങ്ങൾക്ക് അവസരം നൽകിയപ്പോൾ പ്രതികരിച്ചില്ലെന്നാണ് ട്രംപ് മറുപടി നൽകി. താൻ വെയ്ജ ജിയാങിന്റെ ചോദ്യം പൂർത്തീകരിക്കാൻ സമയം നൽകിയതാണെന്ന് റിപ്പോർട്ടർ മറുപടി നൽകി. തുടർന്ന് ക്ഷുഭിതനായ ട്രംപ് പ്രസ് കോൺഫറൻസ് അവസാനിപ്പിച്ച് ഇറങ്ങിപ്പോയി.






