Sorry, you need to enable JavaScript to visit this website.

കേരളം കോവിഡിനെ തോൽപ്പിച്ചതെങ്ങനെ; ശൈലജ ടീച്ചറുമായി കർണാടക മന്ത്രി ഓണ്‍ലൈന്‍ ചർച്ച നടത്തി

തിരുവനന്തപുരം- കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാൻ കർണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ സുധാകർ കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. കേരളം നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാണെന്ന് കെ സുധാകർ പറഞ്ഞു. കർണാടകത്തെ അപേക്ഷിച്ച് കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിലാണെന്നും സുധാകർ വ്യക്തമാക്കി.
കേരളം ഒറ്റക്കെട്ടായി പ്രവർത്തിച്ചതുകൊണ്ടാണ് ഇത്രയേറെ കേസുകൾ ഉണ്ടായിട്ടും കൂടുതൽ ആളുകളിലേക്ക് പകരാതെ കോവിഡ് തടയാൻ കഴിഞ്ഞതെന്ന് ശൈലജ ടീച്ചർ പറഞ്ഞു. ലോകാരോഗ്യ സംഘടനകളുടെ മാർഗ നിർദേശങ്ങൾ അനുസരിച്ച് സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും കൃത്യമായ പദ്ധതികൾ ആവിഷ്‌ക്കരിച്ച് ചിട്ടയായ പ്രവർത്തനം നടത്തിയാണ് കോവിഡിനെ പ്രതിരോധിച്ചത്. മരണനിരക്ക് പരമാവധി കുറയ്ക്കാനും രോഗവ്യാപനം തടയാനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവർത്തനങ്ങൾ, പരിശോധനകൾ, ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാർഗങ്ങൾ, വീട്ടിലെ നിരീക്ഷണം, ഐസൊലേഷൻ വാർഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത, ഭാവി പ്രവർത്തനങ്ങൾ എന്നീ കാര്യങ്ങളും ചർച്ച ചെയ്തു. വീണ്ടും ഇത്തരം വീഡിയോ കോൺഫറൻസ് നടത്താൻ താത്പര്യമുണ്ടെന്നും കേരളത്തിന്റെ പ്രവർത്തനങ്ങളറിയാൻ ആഗ്രഹമുണ്ടെന്നും മന്ത്രി ഡോ. കെ സുധാകർ സൂചിപ്പിച്ചു.
 

Latest News