ന്യൂദൽഹി- കോവിഡ് റെഡ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലോക്ഡൗണിൽ കേന്ദ്ര സർക്കാർ ഇളവു വരുത്തുമെന്ന് സൂചന. കോവിഡ് കൂടുതൽ രൂക്ഷമായി ബാധിച്ച ഇടങ്ങളിൽ നിയന്ത്രണം തുടർന്നും മറ്റു മേഖലകളിൽ ഇളവ് വരുത്തിയുമാണ് ലോക്ഡൗൺ മുന്നോട്ടുപോകുക എന്നാണ് വിവരം. റെഡ് സോണുകളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനും സാധ്യതയുണ്ട്. പൊതുഗതാഗത നിയന്ത്രണം എന്നിവ മെയ് 17ന് ശേഷവും തുടരും. ലോക്ഡൗൺ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള നിർദ്ദേശങ്ങൾ മെയ് 15ന് ഉള്ളിൽ കേന്ദ്രത്തെ അറിയിക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങൾ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകിയേക്കുമെന്നാണ് സൂചന. സോണുകളുടെ ക്രമീകരണം സംബന്ധിച്ച തീരുമാനവും സംസ്ഥാനങ്ങൾക്ക് നൽകിയേക്കും. ലോക്ഡൗൺ നീട്ടാൻ ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും രോഗവ്യാപനം ഏറ്റവുമധികമുള്ള പ്രദേശങ്ങളിൽ മാത്രമായി നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തുമെന്നാണ് സൂചന. ജില്ല മുഴുവൻ റെഡ് സോണായി പ്രഖ്യാപിക്കുന്നത് മാറ്റണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വീട്ടിലേക്ക് മടങ്ങാനുള്ള ത്വര മാനുഷികമാണെന്ന വിലയിരുത്തലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ സ്വീകരിച്ചത്. കോവിഡ് കാലത്ത് ആളുകൾ എവിടെയാണോ അവിടെ തന്നെ ഉറപ്പിച്ചു നിർത്താനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ, പുറത്തിറങ്ങുക, വീടുകളിലേക്ക് മടങ്ങുക എന്നത് മനുഷ്യന്റെ പ്രകൃത്യ ഉള്ള സ്വഭാവമാണ്. അതിനാലാണ് ചില നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയത്. മേയ് പതിനേഴിന് ശേഷവും ഇത്തരത്തിൽ ഇളവുകൾ വരുത്തേണ്ടതുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
നിലവിൽ കോവിഡ് വ്യാപനം ഗ്രാമങ്ങളിലേക്ക് എത്താതെ തടയുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കോവിഡ് പ്രതിരോധത്തിൽ എല്ലാ സംസ്ഥാനങ്ങളും നന്നായി പ്രവർത്തിച്ചു. കരുതൽ നടപടികളിലും സാമൂഹിക അകലം പാലിക്കലിലും ഇളവുകൾ വരുത്തിയാൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകും. സാമ്പത്തി രംഗത്തെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചു പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയുടെ ചെറുത്തു നിൽപ് ആഗോള തലത്തിൽ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെയും കേന്ദ്ര സർക്കാർ അഭിനന്ദിക്കുന്നു. സാവാധാനത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ പ്രവർത്തനക്ഷമമാകും. കോവിഡിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കണം എന്ന പ്രവർത്തന ലക്ഷ്യത്തിലേക്ക് നാമെത്തിച്ചേർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ രോഗ വ്യാപനം തടയുന്നതിലാണ് ശ്രദ്ധപതിപ്പിക്കേണ്ടത്. സാമൂഹീക അകലംപാലിക്കൽ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വെർച്വൽ കൂടിക്കാഴ്ചയാണിത്. മുൻ യോഗങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്നലെ യോഗത്തിൽ പങ്കെടുത്ത എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരം ലഭിച്ചു.






