Sorry, you need to enable JavaScript to visit this website.

അതിജീവനത്തിന്റെ രസതന്ത്രം 

ലോകം അത്യന്തം ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തികവും സാമൂഹികവും ആരോഗ്യപരവുമായ വെല്ലുവിളികൾ മാനവ രാശിയുടെ സമാധാനപരമായ നിലനിൽപ് തന്നെ ചോദ്യം ചെയ്യുകയാണ്. അതിജീവനത്തിന്റെ രസതന്ത്രമന്വേഷിച്ചുളള നെട്ടോട്ടമാണ് എങ്ങും കാണുന്നത്. വികസിത - വികസ്വര രാജ്യങ്ങളൊക്കെ പ്രതിവിധി കണ്ടെത്തുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ്. അനിശ്ചിതത്വത്തിന്റെ നാളുകൾ നീളുന്നതോടെ പ്രതിസന്ധിയുടെ ആഴവും പരപ്പും കൂടുന്നതും അതിജീവനം കൂടുതൽ ശ്രമകരമാക്കുന്നു.


പ്രതിസന്ധികളുണ്ടാവുകയെന്നത് ജീവിച്ചിരിക്കുക എന്നതിന്റെ വ്യക്തമായ തെളിവാണ്. ജീവൻ നഷ്ടപ്പെടുന്നതോടെ മാത്രമേ നമ്മുടെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുകയുള്ളൂ. അതിനാൽ ക്രിയാത്മകവും രചനാത്മകവുമായ സമീപനങ്ങളിലൂടെ വെല്ലുവിളികളെ കൈകാര്യം ചെയ്യുവാനുള്ള തന്റേടമാണ് നമുക്ക് വേണ്ടത്.
പ്രശസ്ത അമേരിക്കൻ മത ശാസ്ത്രജ്ഞനായിരുന്ന റിനോൾഡ് നിബൂറിന്റെ ശാന്തിമന്ത്രം ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു.
'ദൈവമേ എനിക്ക് മാറ്റാൻ കഴിയാത്ത കാര്യങ്ങളെ സ്വീകരിക്കാനുള്ള ശാന്തതയും മാറ്റാൻ കഴിയുന്ന കാര്യങ്ങൾ മാറ്റാനുള്ള തന്റേടവും മാറ്റാൻ കഴിയുന്നതും കഴിയാത്തതും തിരിച്ചറിയാനുള്ള വിവേകവും നൽകേണമേ എന്നാണ് ആ പ്രാർഥന'.
ജീവിതത്തിൽ നാം നിസ്സഹായരാവുന്ന ഒട്ടേറെ സന്ദർഭങ്ങളുണ്ട്. അത്തരം സന്ദർഭങ്ങളിൽ പകച്ചുപോകാതിരിക്കാനും ധൈര്യസമേതം വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഈ മന്ത്രം നമ്മെ സജ്ജമാക്കും. മാത്രമല്ല, നമ്മുടെ പരിമിതികൾ ബോധ്യപ്പെടുത്താനും ഈ പ്രാർഥന സഹായകമാകും.


ജീവിതം നിരവധി ചോയ്‌സുകളും വിട്ടുവീഴ്ചകളും നിറഞ്ഞതാണ്. നല്ലത് തെരഞ്ഞെടുക്കാനും പിന്തുടരാനും സ്വാതന്ത്ര്യമുള്ളതു പോലെ തന്നെ മോശമായവ തെരഞ്ഞെടുത്ത് മുന്നേറാനും അവസരങ്ങളുണ്ട്. എന്നാൽ തെരഞ്ഞെടുത്ത ശേഷം നാം എവിടെയെത്തുമെന്നത് തീരുമാനിക്കുന്നത് ആ തെരഞ്ഞെടുപ്പനുസരിച്ചായിരിക്കുമെന്ന് മാത്രം.
അതിജീവനം ഏതാനും പോസിറ്റീവ് ചോയിസുകളുടെ തുടർച്ചയാണ്. പരാജയമെന്നത് കുറച്ച് നെഗറ്റീവ് ചോയ്‌സുകളുടെ ആകത്തുകയും. വിജയിക്കുന്നവർ ജീവിതത്തിൽ അബദ്ധം ചെയ്യുകയില്ല എന്ന് ഇതിന് അർഥമില്ല. പരാജിതർ നല്ലതൊന്നും ചെയ്യുന്നില്ല എന്നും പറയാനാവില്ല. തുടർച്ചയായി നല്ല കാര്യങ്ങളും അബദ്ധങ്ങളും ചെയ്യുന്നിടത്താണ് ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുന്നത്. പ്രതിസന്ധിയുടേതായ ഈ ഘട്ടത്തിൽ നാം ചില തെരഞ്ഞെടുപ്പുകൾ നടത്തേണ്ടതുണ്ട്. പരമപ്രധാനമായത് നാം നമ്മുടെ സമയം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ്.
നമ്മുടെ കഴിവുകൾ വർധിപ്പിക്കുവാനും കൂടുതൽ വിവരം നേടാനും ഈ ഘട്ടത്തിൽ നാം ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളിലും അമാന്തമരുത്. സാങ്കേതികമായും ശാരീരികമായും എല്ലാ തയാറെടുപ്പുകളും നടത്താൻ നാം തയാറാകുമെങ്കിൽ പ്രതിസന്ധി അവസാനിക്കുന്നതോടെ പൂർവാധികം ശക്തിയിൽ രംഗത്ത് വരാനും വിജയ പാതയിൽ മുന്നേറാനും നമുക്ക് പ്രയാസമുണ്ടാവില്ല. ക്രിയാത്മക ചിന്തകളാണ് നമ്മുടെ അതിജീവനത്തിന്റെ രസതന്ത്രം നിശ്ചയിക്കുന്നത്. ഉയരങ്ങൾ സ്വപ്‌നം കാണുന്നവർക്ക് മാത്രമേ വിജയത്തിന്റെ കൊടുമുടി കീഴടക്കാനാവുകയുള്ളൂ. വലിയ സപ്‌നങ്ങൾ കാണുക, വലിയ പ്രവൃത്തികൾ ചെയ്യുക എന്ന വാക്യമാകട്ടെ ഈ രംഗത്തെ നമ്മുടെ ചാലക ശക്തി.


കോവിഡ്19 ബാധിച്ച് അവശയാവുകയും തികഞ്ഞ ആത്മവിശ്വാസവും വിദഗ്ധ ആരോഗ്യ പരിചരണവും കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത, ഹാരിപോർട്ടർ പരമ്പരകളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച വിശ്വപ്രശസ്ത എഴുത്തുകാരി ജെ.കെ. റൗളിംഗ് പറഞ്ഞതായി വായിച്ചതോർക്കുന്നു. കുടുംബ ജീവിതത്തിലെ തിരിച്ചടികളും തിക്താനുഭവങ്ങളും മനസ്സിനെ മഥിച്ച ഇരുപതുകളിൽ താൻ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. മനസ്സിനെ നിയന്ത്രിക്കാൻ വിഷാദ രോഗത്തിന് ചികിൽസയും തേടിയിട്ടുണ്ട്. അമ്മയുടെ മരണം, വിവാഹ മോചനം, നിരന്തരമായി രചനകൾ തിരസ്‌കരിക്കപ്പെടൽ തുടങ്ങിയവ സൃഷ്ടിച്ച നെഗറ്റീവ് ചിന്തകളാണ് അവരെ വിഷാദ രോഗത്തിനടിപ്പെടുത്തിയത്.


എന്നാൽ പോസിറ്റീവ് ചിന്തകളിലൂടെ മനസ്സിന്റെ താളലയങ്ങൾ നിയന്ത്രിച്ച് അവരുടെ അനുഗൃഹീത തൂലികയിലൂടെ പുറത്തുവന്ന ഹാരിപോർട്ടർ പരമ്പരയുടെ വിസ്മയകരമായ വിജയം അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. പോസിറ്റീവ് ചിന്തകളുടെ പിൻബലമാണ് തന്നെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചതെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ശുഭാപ്തി വിശ്വാസവും ക്രിയാത്മകമായ മനസ്സും ഏത് പ്രതിസന്ധിയേയും അതിജീവിക്കുവാൻ സഹായകമാകുമെന്നാണ് പഠനങ്ങളൊക്കെ വ്യക്തമാക്കുന്നത്.
ഡു ഓർ ഡൈ (നിലനിൽക്കുക, അല്ലെങ്കിൽ നശിക്കുക) എന്ന അവസ്ഥയിലെത്തിയ മനുഷ്യൻ ഇസ്‌ലാമിക ചരിത്രത്തിൽ സ്‌പെയിൻ കീഴടക്കിയ നായകൻ താരിഖ് ബിൻ സിയാദിന്റെ ചരിത്രം ഓർക്കുന്നത് നല്ലതാണ്. ജിബ്രാൾട്ടർ കടലിടുക്ക് കടന്ന് സ്‌പെയിനിലെത്തിയ അദ്ദേഹം തങ്ങളുടെ കപ്പലിന് തീയിട്ട ശേഷം സൈന്യത്തോടായി ചെയ്ത പ്രസംഗം ചരിത്ര പ്രസിദ്ധമാണ്.
''അല്ലയോ സൈന്യമേ, നിങ്ങളിനി എങ്ങോട്ടാണ് പോവുക, നിങ്ങൾക്കു പിന്നിൽ ആർത്തിരമ്പുന്ന സമുദ്രവും മുമ്പിൽ കുതിച്ചു വരുന്ന ശത്രുക്കളുമാണ്. നിങ്ങളുടെ രക്ഷ നിങ്ങളുടെ ക്ഷമയിലും സ്ഥൈര്യത്തിലുമാണ്. ഓർക്കുക, നിങ്ങൾ ഈ ദീപിൽ നിന്ദ്യർ മാത്രമാണ്. ശത്രുക്കൾ അവരുടെ സൈന്യവും ആയുധങ്ങളുമായി നിങ്ങളെ നേരിട്ടിരിക്കുന്നു.


 അവരുടെ ആവനാഴികൾ സുഭദ്രമാണ്. നിങ്ങൾക്ക് കേവലം നിങ്ങളുടെ വാളുകളും ശത്രുക്കളിൽനിന്ന് നിങ്ങൾ പിടിച്ചടക്കുന്നതുമല്ലാതെ മറ്റൊന്നുമില്ലതാനും. ഈ പ്രതികൂല അവസ്ഥയിൽ ദിവസങ്ങൾ നീണ്ടുപോകുകയും ശത്രുവിന്റെ മേലിൽ വിജയം നേടാതിരിക്കുകയും ചെയ്താൽ നാശമാണ് നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങളോടുള്ള ഭയത്തിനു പകരം ശത്രുവിന്റെ മനസ്സിൽ നിങ്ങൾക്കെതിരെ ധൈര്യം സംഭരിക്കപ്പെടുകയും ചെയ്യും. അതുകൊണ്ട്, ശത്രു സൈന്യത്തിനെതിരെ വിജയം വരിച്ച്, കാത്തിരിക്കുന്ന വിപത്തിൽനിന്നും നിങ്ങൾ സ്വന്തത്തെ സംരക്ഷിക്കുക. ഉപരോധിക്കപ്പെട്ട ഈ പട്ടണത്തിലാണ് ശത്രു സൈന്യം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്. പക്ഷേ, നിങ്ങൾ മരണം കൊണ്ട് തൃപ്തിപ്പെടുന്നെങ്കിൽ നിശ്ചയമായും വിജയം സാധ്യമാണ്''.
നമുക്ക് അതിജീവിച്ചേ പറ്റൂ. അതിജീവനത്തിന്റെ രസതന്ത്രം തീരുമാനിക്കുന്നതോ നമ്മുടെ മനെസ്സാരുക്കവും സമീപനങ്ങളും. ക്ഷമയോടെ, സ്ഥൈര്യത്തോടെ നേരിടുക തന്നെ.
 

Latest News