ചെലവ് വഹിക്കുന്നത് കോണ്‍ഗ്രസ്; ലഘുലേഖ  വിതരണം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ

ചണ്ഡീഗഡ്-അതിഥി തൊഴിലാളികളെ മടക്കി അയക്കുന്ന ശ്രമിക് ട്രെയിനില്‍ ലഘുലേഖ വിതരണം ചെയ്ത് വിവാദത്തിലായി കോണ്‍ഗ്രസ് എംഎല്‍എ. നാട്ടിലേക്ക് മടങ്ങാനുള്ള നിങ്ങളുടെ ചെലവുകള്‍ വഹിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞു കൊണ്ടാണ് കോണ്‍ഗ്രസ് എംഎല്‍എ ലഘുലേഖ വിതരണം ചെയ്തത്. പഞ്ചാബിലാണ് കോണ്‍ഗ്രസ് എംഎല്‍എ അമരീന്ദര്‍ രാജ ലഘുലേഖ വിതരണം ചെയ്തതെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. എംഎല്‍എ ലഘുലേഖ വിതരണം ചെയ്യുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. എംഎല്‍എയോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും പ്രചാരണം നടത്തുന്നുണ്ട്. നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് കോണ്‍ഗ്രസ് ആണെന്ന് കൂടെ ഉണ്ടായിരുന്നത് എന്ന തലക്കെട്ടുള്ള ലഘുലേഖകള്‍ ആണ് കോണ്‍ഗ്രസ് എംഎല്‍എ വിതരണം ചെയ്തത്. നേരത്തെ, സ്വദേശത്തേക്ക് മടങ്ങിപ്പോകുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു.
അതിഥി തൊഴിലാളികളെ പിന്തുണയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ നിരന്തരമായ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചിരുന്നു. എന്നാല്‍, ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കുമ്പോള്‍ തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളില്‍നിന്ന് ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.
 

Latest News