പത്തനംതിട്ടയിൽ 18 പ്രവാസികൾകൂടി തിരിച്ചെത്തി

പത്തനംതിട്ട- ജില്ലയിൽ 18 പ്രവാസികളും അന്യസംസ്ഥാനങ്ങളിൽ നിന്ന് 204 പേരുംകൂടി തിരിച്ചെത്തി. ആറുപേരെ കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. തിരിച്ചെത്തിയ എല്ലാവരും നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും 18 പ്രവാസികൾ വെള്ളിയാഴ്ച നെടുമ്പാശ്ശേരിയിലും കരിപ്പൂരിലുമായി ലാൻഡ് ചെയ്ത രണ്ടു വിമാനങ്ങളിൽ മടങ്ങിയെത്തി. ഇതോടെ ജില്ലയിൽ മടങ്ങി എത്തി നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികളുടെ എണ്ണം 25 ആയി. വ്യാഴാഴ്ച വിദേശത്തുനിന്ന് ജില്ലയിലേക്ക് ഏഴു പ്രവാസികൾ മടങ്ങി എത്തിയിരുന്നു. ഇതിൽ നാലു പേരെ റാന്നിയിലെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. 


വെള്ളിയാഴ്ച രാത്രി 8.03 ന് റിയാദിൽനിന്ന് കരിപ്പൂരിൽ എത്തിയ വിമാനത്തിൽ പത്തനംതിട്ട ജില്ലക്കാരായ ഏഴുപേർ ഉണ്ടായിരുന്നു. ഇതിൽ നാലു പേർ മറ്റ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നു. ജില്ലക്കാരനായ ഒരാൾ മലപ്പുറത്ത് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാണ്. ഗർഭിണി ഉൾപ്പെടെ കരിപ്പൂരിലെത്തിയ മൂന്നു പേർ ജില്ലയിലെത്തി 14 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിച്ചു. ഇവർ വിമാനത്താവളത്തിൽ നിന്നും ടാക്‌സിയിൽ വീടുകളിലേക്ക് പോയി. ഏഴു പേരിൽ ആറും സ്ത്രീകളായിരുന്നു. ഇവരിൽ അഞ്ചുപേർ ഗർഭിണികളും ഒരാൾ ഗർഭിണിക്കൊപ്പമുള്ള പരിചാരികയും ആയിരുന്നു.


വെള്ളിയാഴ്ച രാത്രി 10.40 ന് നെടുമ്പാശ്ശേരിയിൽ ബഹ്‌ൈറൻ-കൊച്ചി വിമാനത്തിലെത്തിയ പത്തനംതിട്ട ജില്ലക്കാരായ 19 പേരിൽ ഒമ്പതുപേരെ വീടുകളിലും ആറുപേരെ റാന്നിയിലെ കെ ടൗൺ കോവിഡ് കെയർ സെന്ററിലും നിരീക്ഷണത്തിലാക്കി. കുട്ടികൾ ഉൾപ്പെടെ നാലുപേർ കൊല്ലം ജില്ലയിലെ ബന്ധുവീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നു. ബഹ്‌ൈറൻ-കൊച്ചി വിമാനത്തിലെത്തിയവരിൽ ആറുപേരെ ശനിയാഴ്ച പുലർച്ചെ അഞ്ചിന് കെ.എസ്.ആർ.ടി.സി ബസിലാണ് റാന്നി കെ ടൗൺ കോവിഡ് കെയർ സെന്ററിൽ എത്തിച്ചത്. ഇതിൽ ഒരു ദമ്പതികൾ ഉൾപ്പെടെ മൂന്നു സ്ത്രീകളും മൂന്നു പുരുഷൻമാരും ഉണ്ട്. പത്തനംതിട്ട ജില്ലക്കാരായ രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ഒൻപത് സ്ത്രീകളും ആറ് പുരുഷൻമാരുമാണ് ബഹറൈൻ കൊച്ചി വിമാനത്തിൽ എത്തിയത്. ഇതിൽ നാല് ഗർഭിണികളും ഇവരിൽ ഒരാളുടെ ഭർത്താവും ഉൾപ്പെടുന്നു. 


മെഡിക്കൽ എമർജൻസിയിൽ എത്തിയ മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരും ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്നു. വിദേശത്തു നിന്നെത്തിയ ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നീ വിഭാഗങ്ങളിലുള്ളവരെ 14 ദിവസം വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിലാക്കി.

 

Latest News