Sorry, you need to enable JavaScript to visit this website.

പ്രവാസി പുനരധിവാസത്തിന് യു.ഡി.എഫിന്  പത്തിന കർമ പദ്ധതി -ചെന്നിത്തല

തിരുവനന്തപുരം - പ്രവാസികളുടെ പുനരധിവാസത്തിന് യു.ഡി.എഫ് പത്തിന കർമ പദ്ധതി തയാറാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ അറിയിച്ചു. മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അവർക്ക് ആവശ്യമായ സഹായം നൽകുന്നതിനും കുടുംബശ്രീ മാതൃകയിൽ പ്രത്യേക സ്വാശ്രയ സംഘങ്ങൾ രൂപീകരിക്കുന്നതിന് സർക്കാർ മുൻകൈയെടുക്കണമെന്നതുൾപ്പെടെയുള്ള നിരവധി നിർദേശങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
പ്രവാസികൾ മടങ്ങി വരുമ്പോഴുണ്ടാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ:


ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ മടങ്ങിവരവ് സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ രണ്ടു രീതിയിലാണ് ബാധിക്കാൻ പോകുന്നത്. ഒന്നാമതായി ഗൾഫ് രാജ്യങ്ങളിൽനിന്ന് സംസ്ഥാനത്തേക്ക് പ്രവാസികൾ അയക്കുന്ന തുകയിൽ ഗണ്യമായ കുറവുണ്ടാകും. വിവിധ റിപ്പോർട്ടുകൾ പ്രകാരം, 2019 ൽ ഗൾഫ് മേഖലയിൽനിന്നും 90,000 കോടി രൂപയാണ് സംസ്ഥാനത്തേക്ക് വന്നത്. ഇത് സംസ്ഥാന ജി.എസ്.ഡി.പിയുടെ 35 ശതമാനത്തിലധികം വരും. കോവിഡ് 19 ന്റെ ഭാഗമായി 2 മുതൽ 3 ലക്ഷം വരെ പ്രവാസികൾ തിരിച്ചുവന്നാൽ സംസ്ഥാന സമ്പദ്‌വ്യവസ്ഥയിൽ 15 ശതമാനംവരെ ഇടിവുണ്ടാകും. സംസ്ഥാനത്തേക്കുള്ള പ്രവാസികളുടെ മടങ്ങിവരവ് ഇതിനകം തകർന്നുകിടക്കുന്ന കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശ്വാസം മുട്ടിക്കും.


യു.എ.ഇയിൽനിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നും മടങ്ങിവരുന്നവർക്ക് അർഹമായ ജോലി നൽകുന്നത് സംസ്ഥാനത്തിന് കനത്ത വെല്ലുവിളിയായിരിക്കും. പുനരധിവാസ പ്രവർത്തനങ്ങൾ ഏതൊരു സർക്കാരും നടപ്പിലാക്കേണ്ട ആദ്യത്തെ പ്രവർത്തനാമാണ്. സ്‌കിൽ പ്രൊഫൈലിംഗ് അതായതു സംസ്ഥാനത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളുടെ വ്യക്തിവിവരങ്ങളും, നൈപുണ്യ സംബന്ധമായ വിവരങ്ങൾ ശേഖരിക്കുന്നതാണ് ഇത്. ഇതിൽ മടങ്ങിയെത്തിയയാളുടെ വിശദാംശങ്ങളും അവരുടെ നൈപുണ്യവും, അവർ ചെയ്തിരുന്ന ജോലിയും, ചെയ്യാൻ ആഗ്രഹിക്കുന്നു ജോലിയും, അവരുടെ ബാധ്യതകൾ എന്നിവ ഉൾപ്പെടെ സമഗ്രമായ വിവരങ്ങൾ അടങ്ങിയിരിക്കണം. ഈ സ്‌കിൽ പ്രൊഫൈലിംഗ് പുനരധിവാസ പ്രവർത്തങ്ങൾക്കുള്ള ആധാരമായിരിക്കും. 
മടങ്ങിവരാൻ ഉദ്ദേശിക്കുന്ന പ്രവാസികളിൽ സാധാരണ ഗതിയിൽ മടങ്ങിവരുന്നവരുണ്ട്. വിസ കാലഹരണപ്പെട്ടവരും, ജോലി അവസാനിപ്പിച്ച് മടങ്ങുന്ന വ്യക്തികളും ഇതിൽ ഉൾപ്പെടുന്നു. ഇവരിൽ ഭൂരിഭാഗവും സംസ്ഥാനത്തുതന്നെ എന്തെങ്കിലും തൊഴിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരായിരിക്കും. ഇവരുടെ കയ്യിൽ മതിയായ ഫണ്ടുകൾ ഉണ്ടാകാം. അവർക്ക് ആവശ്യമായ സഹായം നൽകുന്നതിനും കുടുംബശ്രീ മാതൃകയിൽ പ്രത്യേക സ്വാശ്രയ സംഘങ്ങൾ രൂപീകരിക്കുന്നതിന് സർക്കാർ മുൻകൈയെടുക്കണം. വ്യത്യസ്ത മേഖലകളിൽ തൊഴിൽ പരിചയമുള്ള അവരുടെ വൈദഗ്ദ്ധ്യം സംസ്ഥാനത്തിന് വളരെയധികം സഹായകമാകും. കൂടാതെ സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് പ്രചോദനം നൽകാനും ഇത് സഹായിക്കും. ഇതിനനുസൃതമായി വ്യവസായ നയത്തിൽ മാറ്റം വരുത്തണം. 


മറ്റ് രാജ്യങ്ങളിലെ മികച്ച അവസരങ്ങളിലേക്ക് വീണ്ടും കുടിയേറാൻ ആഗ്രഹിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. ഈ ജനവിഭാഗത്തിന്റെ  കഴിവുകൾ വർധിപ്പിക്കുന്നതിന് സർക്കാർ പുതിയ നൈപുണ്യ കേന്ദ്രങ്ങൾ തുറക്കണം. ഇവർക്ക് മറ്റു രാജ്യങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താൻ സംസ്ഥാനവും കേന്ദ്രസർക്കാരും വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെടണം.
മൂന്നാമത്തെ വിഭാഗത്തിൽ കോവിഡ് 19 കാരണം ജോലി നഷ്ടപ്പെട്ടവരാണ്. ഈ വിഭാഗക്കാർക്കാണ് സംസ്ഥാന സർക്കാരിൽനിന്ന് ഏറ്റവുമധികം സഹായം ആവശ്യമായുള്ളത്. പലിശരഹിത വായ്പകൾ, സർക്കാർ സേവനങ്ങളിലേക്കുള്ള നേരിട്ടുള്ള നിയമനം തുടങ്ങിയ സഹായങ്ങൾ ചെയ്യണം. പ്രവാസി കേരളീയർ സംസ്ഥാനത്ത് തിരിച്ചെത്തുകയും സംസ്ഥാനത്തുനിന്ന് അതിഥി തൊഴിലാളികൾ മടങ്ങുകയും ചെയ്യുന്നത് സംസ്ഥാനത്തിന് പുതിയ അവസരങ്ങൾ നൽകുന്നു. അതിഥി തൊഴിലാളികളുടെ മടങ്ങിപ്പോക്ക് സംസ്ഥാനത്തു പുതിയ തൊഴിലവസരം സൃഷ്ടിക്കും. ഗൾഫിൽ സമാനമായ ജോലികൾ ചെയ്തുകൊണ്ടിരുന്ന കുറച്ചുപേർക്കെങ്കിലും ഈ ജോലികൾ ഏറ്റെടുക്കാൻ സാധിക്കും. 


ഗൾഫിൽനിന്നും മടങ്ങിയെത്തുന്നവർക്ക് ഇന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന കേന്ദ്രസർക്കാരിന്റെ ഇൻഷുറൻസ് ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. കാർഷിക മേഖലയ്ക്കാണ് കൂടുതൽ ഊന്നൽ നൽകേണ്ടത്. കുറച്ച് സ്ഥലം ഉപയോഗിച്ച് കൂടുതൽ കൃഷി ചെയ്യാൻ കഴിയുന്ന വെർട്ടിക്കൽ ഫാമിംഗ് പോലുള്ള നൂതന കൃഷി രീതികൾ പരീക്ഷിക്കണം. അതിനായി വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തണം. മൂല്യവർദ്ധിത കാർഷിക ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള യൂനിറ്റുകൾ തുടങ്ങുന്നതിന് പ്രോത്സാഹനം നൽകണം. ഐ.ടി,  ഇലക്ട്രോണിക്സ് മേഖലയിൽ കേരളത്തിന് വലിയ സാധ്യതകളാണ് വരുന്നത്. വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ട് വരുന്ന ഈ മേഖലകളിലെ വിദഗ്ധരെ ഇതിനായി പ്രയോജനപ്പെടുത്തണം. കൂടുതൽ വ്യവസായങ്ങൾ തുങ്ങുന്നതിന് പകരം തകർച്ച നേരിടാത്ത ഐ.ടി, കൃഷി, മൃഗസംരക്ഷണം, ഇലക്ട്രോണിക്സ്, ആരോഗ്യ രംഗം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൂടുതൽ മൂലധന നിക്ഷേപം ആകർഷിക്കണം.

 

Latest News