Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ക്ക് ഗൃഹനിരീക്ഷണത്തില്‍ കഴിയാം- മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം-  ജില്ലയിലെത്തുന്ന പ്രവാസികളില്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമുള്ളവര്‍ ഇനിമുതല്‍ മുറിനിരീക്ഷണത്തിലേക്കു മാറണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. സ്ഥാപനങ്ങളില്‍ നിരീക്ഷണത്തിലുള്ളവരും വീടുകളിലേക്ക് എത്തുമ്പോള്‍ മുറിയില്‍ നിരീക്ഷണത്തിലാവണം. ഒരു ഗൃഹത്തിലുള്ളവരാകെ നിരീക്ഷണത്തില്‍ പോകാതെ പ്രവാസികളായെത്തുന്നവര്‍ മാത്രം മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാവാതെ മുറിയില്‍ സുരക്ഷിതരായി പാര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. സുഭിക്ഷകേരളം പദ്ധതി ജില്ലയില്‍ ഊര്‍ജിതമായി നടപ്പാക്കാന്‍ ഏവരും ശ്രമിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധം, സുഭിക്ഷ കേരളം എന്നിവ സംബന്ധിച്ച് തദ്ദേശ സ്ഥാപന പ്രസിഡന്റുമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയായിരുന്നു മന്ത്രി.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി രാധമണി, സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
സമ്പര്‍ക്കംമൂലം ആര്‍ക്കും രോഗം ഉണ്ടാകുന്ന സ്ഥിതിയുണ്ടാവരുത്. റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വകുപ്പുകളും പോലീസും ജനപ്രതിനിധികളും സഹകരിച്ചു പ്രവാസികളുടെ താമസവും നിരീക്ഷണവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. സര്‍ക്കാര്‍ ഒരു മഹാമാരിയെ പ്രതിരോധിക്കുന്ന ശ്രമത്തിലാണ്. ചില അസൗകര്യങ്ങള്‍  അനുഭവപ്പെട്ടാലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവ പര്‍വതീകരിച്ചു പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മനസ് മടുപ്പിക്കരുത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവരെ വിവരം ധരിപ്പിക്കണം. ലോകം സഹനത്തിന്റെ പാതയിലാണ്. ചുമതലപ്പെട്ടവര്‍ ശ്രദ്ധയോടെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും മന്ത്രി പറഞ്ഞു.

 

Latest News