Sorry, you need to enable JavaScript to visit this website.

1300 കിലോമീറ്റര്‍ ബൈക്കോടിച്ച് പൂനെയില്‍നിന്ന് ആലപ്പുഴയിലേക്ക് സ്വാതിയുടെ ലോക്ഡൗണ്‍ യാത്ര

ആലപ്പുഴ- കടം വാങ്ങിയ ബൈക്കില്‍ പൂനെയില്‍നിന്ന് 1300 കിലോമീറ്റര്‍ താണ്ടി യുവതി ആലപ്പുഴയിലെത്തി. 48 മണിക്കൂറെടുത്താണ് സ്വാതി ഗോപന്‍ എന്ന യുവതി ലോക്ഡൗണ്‍ കാലത്ത് നാടണഞ്ഞത്.
പൂനെയിലെ ലോഗാനിലാണ് സ്വാതിയുടെ താമാസം. ഏഴുമാസം മുമ്പാണ് ഡിപ്ലോമ ഇന്‍ ഫിറ്റ്‌നസ് കോഴ്‌സ് പഠിക്കാനായി ആലപ്പുഴയില്‍ നിന്ന് പൂനെയിലേയ്ക്ക് എത്തിയത്. ഒപ്പം ജിമ്മില്‍ ട്രെയ്‌നറാണ്. കരാട്ടെ പഠിപ്പിക്കുന്നുമുണ്ട്.
ലോക്ഡൗണില്‍ അവിടെ ഭക്ഷണ ക്ഷാമം തുടങ്ങിയതോടെയാണ് ഇനിയും പിടിച്ചുനില്‍ക്കാന്‍ ആവില്ലെന്ന് സ്വാതിക്ക് മനസ്സിലായത്.  ഒപ്പം കൈയിലുള്ള പണവും തീര്‍ന്നു തുടങ്ങി. ജിം ഇനി എന്ന് തുറക്കുമെന്നും അറിയില്ല. അങ്ങനെയാണ് നാട്ടിലേക്ക് വരാന്‍ സ്വാതി തീരുമാനിക്കുന്നത്. നാട്ടിലേക്ക് വരാനായി രജിസ്റ്റര്‍ ചെയ്തു പാസും ലഭിച്ചപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല, വണ്ടിയില്‍ പെട്രോളടിച്ച് യാത്ര തുടങ്ങി.

https://www.malayalamnewsdaily.com/sites/default/files/filefield_paths/image1.jpg

1300 കിലോമീറ്ററുകള്‍, രണ്ട് രാവും രണ്ട് പകലും. നേരേ ദേശീയ പാതയിലൂടെ യാത്ര തുടങ്ങി. ദേശീയ പാത പലപ്പോഴും വിജനമായിരുന്നു. മഹാരാഷ്ട്രയും കര്‍ണാടകയും എല്ലാം ഏറെക്കുറെ ആളൊഴിഞ്ഞ അവസ്ഥയില്‍ തന്നെയായിരുന്നു.  വിരളമായി കാറിലും ബൈക്കിലുമായി യാത്ര ചെയ്യുന്നവര്‍. 80ന്  മുകളിലേയ്ക്ക് പോകുന്ന സ്പീഡ് രാത്രിയില്‍ 130 കീലോമീറ്റര്‍ വരെയെത്തും.  ഏഴാം തിയതി രാത്രി 8.30 ന് യാത്ര തുടങ്ങുമ്പോള്‍ കൈയില്‍ കഴിക്കാനായി ബ്രെഡും വെള്ളവും പിന്നെ പ്രോട്ടിന്‍ പൗഡറും കരുതിയിരുന്നു. വൈദ്യ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ഇറങ്ങിയത്. ഇടക്ക് കര്‍ണാടകയില്‍  ഒരു പരിശോധന ഉണ്ടായിരുന്നു. എട്ടാം തിയതി രാത്രിയില്‍ കേരള അതിര്‍ത്തിയില്‍ എത്തി.

https://www.malayalamnewsdaily.com/sites/default/files/filefield_paths/image3.jpg
ഇടയ്ക്ക് കാണുന്ന വാഹനങ്ങളൊഴിച്ചാല്‍ 1300 കിലോമീറ്റര്‍ തനിച്ചായിരുന്നു. കേരളത്തിലാണ് നിരത്തുകളില്‍ ആളുകള്‍ ഉണ്ടായിരുന്നത് എന്ന സ്വാതി പറയുന്നു. വെല്ലുവിളികളൊക്കെ തന്നെ കൈകാര്യം ചെയ്യുമെന്ന വിശ്വാസം ജിം ട്രെനറായ പിതാവിനും അധ്യാപികയായ മാതാവിനും മകളെക്കുറിച്ചുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ യാത്രക്ക് വീട്ടുകാരുടെ പൂര്‍ണ പിന്തുണയും ലഭിച്ചു.

ഒമ്പതാം തിയതി വൈകിട്ട് 5.45 ന് സ്വാതി സുരക്ഷിതയായി ആലപ്പുഴയിലെ വീട്ടിലെത്തി.   വീട്ടിലെത്തിയതും സ്വാതിയെ അന്വേഷിച്ച് പഞ്ചായത്ത് മെമ്പറും ആരോഗ്യപ്രവര്‍ത്തകരും എത്തി. തുടര്‍ന്ന് ആലപ്പുഴ കെ.എസ്.ആര്‍.ടി.സിക്കു സമീപമുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറി. ഇവിടെ ഏഴു ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ഏഴു ദിവസം വീട്ടില്‍ നീരീക്ഷണത്തില്‍ തുടരണം.

 

 

Latest News