ന്യൂദല്‍ഹി- കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ രൂക്ഷ വിമര്‍ശമുന്നയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും സംസ്ഥാനങ്ങള്‍ക്കിടയില്‍ കേന്ദ്രം വിവേചനം കാണിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.
ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. ആരും ഒരു കാര്യത്തിലും ഞങ്ങളുടെ അഭിപ്രായം ചോദിക്കുന്നില്ല. രാജ്യത്തെ ഫെഡറല്‍ ഘടനയെ ഇളക്കി മറിക്കരുത്-മമതാ ബാനര്‍ജി വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതിന് മമത അനുവദിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. പച്ചക്കള്ളം പറയുന്നുവെന്നായിരുന്നു ഇതിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം.
നേരത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടത്തില്‍ തന്നെ മമത ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായിരുന്നു. വേണ്ടത്ര സഹായം സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്നില്ലെന്നും സംസ്ഥാനത്തെ കൊറോണ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തിയതും മമതയെ ചൊടിപ്പിച്ചിരുന്നു.






