സൗദി നടപടികളിലൂടെ ലക്ഷ്യമിടുന്നത് 10,000 കോടി റിയാല്‍;വിശദാംശങ്ങള്‍

മുഹമ്മദ് അല്‍ജദ്ആന്‍

റിയാദ് - കൊറോണ പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ തരണം ചെയ്യാന്‍ ചെലവുകള്‍ വെട്ടിക്കുറക്കാനും മൂല്യവര്‍ധിത നികുതി ഉയര്‍ത്താനും സൗദി അറേബ്യയുടെ തീരുമാനം. ജൂലൈ ഒന്നു മുതല്‍ മൂല്യവര്‍ധിത നികുതി 15 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. നിലവില്‍ അഞ്ചു ശതമാനം വാറ്റ് ആണ് സൗദിയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നിലവിലുള്ളത്.
ഉയര്‍ന്ന ജീവിതച്ചെലവ് നേരിടുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്ന പ്രത്യേക അലവന്‍സ് ജൂണ്‍ മുതല്‍ നിര്‍ത്തിവെക്കും. ഏതാനും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന, മൂലധന ചെലവുകള്‍ നീട്ടിവെച്ചിട്ടുണ്ട്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായ ചില  പദ്ധതികള്‍ക്കും മറ്റു ചില വന്‍കിട പദ്ധതികള്‍ക്കും ഈ വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച പണം വെട്ടിക്കുറച്ചിട്ടുമുണ്ട്. ആകെ പതിനായിരം കോടി റിയാലിന്റെ നടപടികളാണ് അംഗീകരിച്ചിരിക്കുന്നതെന്ന് ധനമന്ത്രിയും ആക്ടിംഗ് സാമ്പത്തിക, ആസൂത്രണ മന്ത്രിയുമായ മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.
മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏജന്‍സികളിലും സേവനമനുഷ്ഠിക്കുന്ന, സിവില്‍ സര്‍വീസ് നിയമം ബാധകമല്ലാത്ത താല്‍ക്കാലിക കരാര്‍ ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്ന വേതനവും ആനുകൂല്യങ്ങളും പഠിച്ച് മുപ്പതു ദിവസത്തിനകം ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് മന്ത്രിതല സമിതി രൂപീകരിച്ചിട്ടുമുണ്ട്. മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും സേവനമനുഷ്ഠിക്കുന്ന കരാര്‍ ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും പുനര്‍നിര്‍ണയിക്കാനാണ് നീക്കം. പതിനായിരക്കണക്കിന് വിദേശികള്‍ അടക്കമുള്ളവരെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്.
കൊറോണ പ്രതിസന്ധിയും ഇത് സൃഷ്ടിക്കുന്ന സാമ്പത്തിക, ധന പ്രത്യാഘാതങ്ങളും സാധ്യമായത്ര കുറഞ്ഞ പരിക്കുകളോടെ തരണം ചെയ്യാനും സൗദി സമ്പദ്‌വ്യവസ്ഥക്ക് സംരക്ഷണം നല്‍കാനും ലക്ഷ്യമിട്ടാണ് അധിക നടപടികള്‍ സ്വീകരിക്കുന്നതെന്ന് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രിയും ആക്ടിംഗ് സാമ്പത്തിക, ആസൂത്രണ മന്ത്രിയുമായ മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. കൊറോണ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ആരോഗ്യ, സാമ്പത്തിക, സാമൂഹിക മേഖലകളെ ഗുരുതരമായി ബാധിക്കാതിരിക്കാന്‍ നേരത്തെ അംഗീകരിച്ച തീരുമാനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ്  പുതിയ നടപടികള്‍. സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സമ്പദ്‌വ്യവസ്ഥക്കും സംരക്ഷണം നല്‍കുന്നതിന് അനിവാര്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് സര്‍ക്കാര്‍ തുടരുമെന്നും ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക, ധനമേഖലകളിലെ പുതിയ സംഭവവികാസങ്ങളും സ്വീകരിക്കേണ്ട നടപടികളും ധന, സാമ്പത്തിക-ആസൂത്രണ മന്ത്രാലയങ്ങള്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഏറ്റവും ഉചിതവും, ദോഷവും ഭാരവും കുറഞ്ഞതുമായ നടപടികള്‍ സ്വീകരിക്കാന്‍ രാജാവ് നിര്‍ദേശം നല്‍കി.
കൊറോണ വ്യാപനം സൗദി സമ്പദ്‌വ്യവസ്ഥയില്‍ മൂന്നു ആഘാതങ്ങള്‍ ഏല്‍പിച്ചു. ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ കുറഞ്ഞതു മൂലം എണ്ണ വരുമാനം ഗണ്യമായി കുറഞ്ഞതാണ് ആദ്യത്തെ ആഘാതം. സൗദി അറേബ്യയുടെ ബജറ്റ് വരുമാനത്തിന്റെ വലിയ ഒരു ഭാഗം എണ്ണ മേഖലയില്‍ നിന്നാണ്. കൊറോണ വ്യാപനം തടയുന്നതിന് ശ്രമിച്ച് ബാധകമാക്കിയ മുന്‍കരുതല്‍ നടപടികള്‍ പ്രാദേശിക സമ്പദ്‌വ്യവസ്ഥ നിശ്ചലമാകുന്നതിന് ഇടയാക്കിയതാണ് രണ്ടാമത്തെ ആഘാതം. ഇത് പെട്രോളിതര വരുമാനത്തെയും സാമ്പത്തിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിച്ചു.
ആരോഗ്യ മേഖലക്ക് കൂടുതല്‍ തുക അനുവദിക്കേണ്ടിവന്നത് അടക്കം നേരത്തെ ആസൂത്രണം ചെയ്തതല്ലാത്ത വകയില്‍ അടിയന്തിരമായി ഭീമമായ തുക ചെലവഴിക്കേണ്ടിവന്നതും സാമ്പത്തിക മേഖലക്ക് ഉത്തേജനം പകരുന്നതിനും കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും സ്വദേശികളുടെ തൊഴിലുകള്‍ സംരക്ഷിക്കുന്നതിനും ഏതാനും പദ്ധതികള്‍ അംഗീകരിക്കേണ്ടിവന്നതുമാണ് മൂന്നാമത്തെ ആഘാതം. ഈ വെല്ലുവിളികളെല്ലാം സര്‍ക്കാറിന്റെ വരുമാനം കുറക്കാന്‍ ഇടയാക്കി. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ മൊത്തം സമ്പദ്‌വ്യവസ്ഥക്കും പൊതുധനസ്ഥിതിക്കും കോട്ടം തട്ടാതിരിക്കാന്‍ ചെലവുകള്‍ കൂടുതല്‍ കുറക്കേണ്ടതും പെട്രോളിതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതും നിര്‍ബന്ധമായി മാറി.
ആധുനിക ചരിത്രത്തില്‍ സമാനതയില്ലാത്ത പ്രതിസന്ധിക്കു മുന്നിലാണ് ലോകമുള്ളത്. എത്രകാലം ഇത് നീണ്ടുനിന്നേക്കുമെന്ന് അറിയാന്‍ കഴിയാത്തതും മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തതും പ്രശ്‌നമാണ്. വേദനാജനകമായ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെങ്കിലും ഇത് അനിവാര്യമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ ധന, സാമ്പത്തിക സ്ഥിരത കാത്തുസൂക്ഷിക്കുന്നതിന് ഇവ പ്രയോജനപ്രദവുമാകുമെന്നും മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.


 

 

Latest News