മന്‍മോഹന്‍സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസിലെ ഡോക്ടര്‍മാര്‍


ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസിലെ ഡോക്ടര്‍മാര്‍. ഇന്നലെ രാത്രിയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോ തൊറാസിസ് വാര്‍ഡിലുള്ള മന്‍മോഹന്‍സിങ്ങിന്റെ നില തൃപ്തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് പനിയുണ്ടെന്നും അതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ചികിത്സ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

രണ്ട് തവണ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിനെ എയിംസിലെ കാര്‍ഡിയോളജി പ്രൊഫസറായ ഡോ. നിതിഷ് നായികാണ് ചികിത്സിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന് തൊട്ടുമുമ്പ് പാര്‍ലമെന്റ് സമ്മേളനം മാര്‍ച്ച് മാസത്തില്‍ മാറ്റിവെക്കുന്ന സമയത്ത് മന്‍മോഹന്‍സിങ്ങിന് അസുഖം മൂര്‍ച്ഛിച്ചതിനാല്‍ പരിപൂര്‍ണ വിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. നിലവില്‍ രാജസ്ഥാനെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന് മുമ്പ് രണ്ട് തവണ ഹൃദയശാസ്ത്രക്രിയ നടത്തിയിട്ടുണ്ട്. നിലവില്‍ പ്രമേഹ രോഗികൂടിയാണ് മന്‍മോഹന്‍സിങ്.
 

Latest News