Sorry, you need to enable JavaScript to visit this website.

ഇടുക്കിയിൽ എട്ട് കേന്ദ്രങ്ങളിൽ  പ്രളയ സാധ്യതയെന്ന് വിദഗ്ധ സമിതി

ഇടുക്കി- ജില്ലയിൽ പ്രളയത്തിന് സാധ്യതയുള്ള എട്ട് കേന്ദ്രങ്ങളെന്ന് വിദഗ്ധ സമിതി. അടിമാലി പഞ്ചായത്തിന്റെ കിഴക്കേയറ്റമായ കാഞ്ഞിരവേലി പ്രദേശം, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിലെ ചെറുതോണി ബസ് സ്റ്റാന്റ്, ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കണ്ണി, ഒന്നാം വാർഡിലെ ആനച്ചന്ത, തട്ടേക്കണ്ണി എന്നീ പെരിയാറിലെ ഭാഗങ്ങൾ, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ വടക്കനാർ, വെള്ളത്തൂവൽ പഞ്ചായത്തിലെ വൈദ്യുതി ബോർഡ് ചെക്ക് ഡാം, അറക്കുളം ഗ്രാമപഞ്ചായത്തിലെ വലിയാർ, ചെക്ക് ഡാമായ ത്രിവേണി സംഗമം, മണപ്പാടിയിലെ ഇലപ്പള്ളി ചെക്ക്ഡാം എന്നിവയാണവ.


ഇതേ തുടർന്ന് കാലവർഷവും പ്രളയവും മുന്നിൽക്കണ്ട് പുഴകളിലെയും നീർച്ചാലുകളിലെയും അവശിഷ്ടങ്ങൾ നീക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ അടിയന്തരമായി നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാ ഭരണകൂടം വിശദമായ പദ്ധതി മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഹരിത കേരളം മിഷൻ തുടക്കമിട്ട ഇനി ഞാൻ ഒഴുകട്ടെ എന്ന പരിപാടിയുടെ തുടർച്ചയെന്ന നിലയിൽ പുഴകളുടേയും തോടുകളുടേയും വെള്ളമൊഴുക്ക് സുഗമമാക്കുന്നതിന് നടപ്പാക്കേണ്ട ശുപാർശകളാണ് ജില്ലാ കലക്ടർ രൂപീകരിച്ച ജില്ലാതല സമിതി തയാറാക്കിയത്.
നിർമിതി കേന്ദ്രം ജില്ലാ പ്രൊജക്റ്റ് ഓഫീസറായിരിക്കും പുഴകളിലെ മാർഗതടസ്സങ്ങൾ നീക്കാനുള്ള പദ്ധതിയുടെ നോഡൽ ഓഫീസർ. 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ മാനദണ്ഡങ്ങൾ പൂർണമായും നടപ്പിലാക്കുന്നതിന് സഹായിക്കേണ്ടത് ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്ററാണ്. വടക്ക് പടിഞ്ഞാറൻ കാലവർഷം തുടങ്ങുന്നതിന് മുമ്പേ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം.


വനം, ത്രിതല പഞ്ചായത്തുകൾ, റവന്യു തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉടലെടുത്താൽ ജില്ലാതല ഉദ്യോഗസ്ഥ സമിതി അത് പരിഹരിക്കണമെന്ന് സമതി നിർദേശിക്കുന്നു. ഇക്കാരണത്താൽ പദ്ധതി നടത്തിപ്പ് മുടങ്ങരുത്. പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം പുഴയുടെയും തോടുകളുടെയും നീരൊഴുക്ക് സുഗമമാക്കുക, വേനൽക്കാലത്ത് ജല ലഭ്യത ഉറപ്പു വരുത്തുക, മഴക്കാലത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുക എന്നതായിരിക്കണം. പുഴകളുടെയും തോടുകളുടെയും, ഓരങ്ങളിലെ സസ്യലതാദികൾക്കും മരങ്ങൾക്ക് കേടുപാടുകളും സംഭവിക്കാതെയും ശ്രദ്ധിക്കണം.
പഞ്ചായത്തുകളിലെ റിവർ മാനേജ്മെന്റ് കമ്മിറ്റികൾ പുനരേകീകരിച്ച് പദ്ധതി നടപ്പിലാക്കണം, സാങ്കേതികത്തികവ് പ്രഫഷണലിസം, മികച്ച ആധുനിക യന്ത്രസാമഗ്രികൾ തുടങ്ങിയവയുള്ള ഈ മേഖലയിലെ പരിചയസമ്പന്നരായ ഏജൻസി/ കരാറുകാരെ പദ്ധതി നടപ്പിലാക്കാൻ ഏൽപിക്കണം. വെള്ളത്തൂവൽ ചെക്ക്ഡാം പോലെയുള്ളവയുടെ നവീകരണം വൈദ്യുത ബോർഡുമായി ആലോചിച്ച് പൂർത്തിയാക്കണം. പദ്ധതി നടപ്പിലാക്കാൻ പുഴയോരങ്ങളിലൂടെ താൽക്കാലിക റോഡുകൾ നിർമിക്കാൻ അനുമതി നൽകാം. പുഴകളിൽനിന്നും ലഭിക്കുന്ന വസ്തുക്കളുടെയും അവ വിൽപന നടത്തുന്നതിന്റെയും കൃത്യമായ കണക്കുകൾ ജില്ലാ കലക്ടർക്ക് കൈമാറണം എന്നിവയും മാർഗരേഖയിലുണ്ട്. 

 

Latest News