Sorry, you need to enable JavaScript to visit this website.

മുസാഫിര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജിദ്ദ സ്‌പോര്‍ട്ടിംഗ് യുനൈറ്റഡ് അവാര്‍ഡ്

ജിദ്ദ- മലയാളം ന്യൂസ് ന്യൂസ് എഡിറ്ററും ഗ്രന്ഥകാരനുമായ മുസാഫിര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് സ്‌പോര്‍ട്ടിംഗ് യുനൈറ്റഡ് കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ്. സാമൂഹ്യ പ്രതിബദ്ധതക്കും സേവനത്തിനുമായി ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ പ്രത്യേക അവാര്‍ഡിന്  കേരളത്തിലെ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്)അര്‍ഹമായി.  


ലോകം കോവിഡ് മഹാമാരിയെ നേരിടുന്ന പശ്ചാലത്തലത്തില്‍ ജീവ കാരുണ്യ,ആതുര ശുശ്രൂഷ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചവര്‍ക്കു മുന്‍ഗണന നല്‍കികൊണ്ടാണ്  സ്‌പോര്‍ട്ടിംഗ് യുനൈറ്റഡിന്റെ രണ്ടാമത് കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ആതുര ശുശ്രൂഷ രംഗത്ത് ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് അന്നമ്മ സാമുവലും  മഹ്ജര്‍ കിംഗ് അബ്ദുല്‍അസീസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്  ജോമിനി ജോസഫും അവാര്‍ഡിനര്‍ഹരായി. ജീവകാരുണ്യ മേഖലയില്‍  അഷ്‌റഫ് താമരശ്ശേരിയും (യു.എ.ഇ)  മുജീബ് പൂക്കോട്ടൂരും (മക്ക) അര്‍ഹരായി.  

ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ സ്‌പോര്‍ട്ടിംഗ് യുണൈറ്റഡ് ചെയര്‍മാന്‍ ഇസ്മായില്‍ കൊളക്കാടന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ മികച്ച സാമൂഹിക സേവനങ്ങള്‍ നടത്തുന്നവരെ ആദരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷമാണ് കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. പ്രവാസ ലോകത്തു വ്യത്യസ്ത മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തുന്ന നിരവധി പേര്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നും അവര്‍ക്ക് അര്‍ഹമായ ആദരവ് സമൂഹത്തില്‍ ലഭിക്കണമെന്നും  ഇസ്മായില്‍ കൊളക്കാടന്‍ പറഞ്ഞു.

മലപ്പുറം ഇരുമ്പുഴി സ്വദേശിയാണ് മുസാഫിര്‍. മലയാള മനോരമ പാലക്കാട് ബ്യൂറോയില്‍ റിപ്പോര്‍ട്ടര്‍ ആയി പത്രപ്രവര്‍ത്തന രംഗത്ത് തുടക്കം. മനോരമ ന്യൂസ്, ഏഷ്യാനെറ്റ്, ദൂരദര്‍ശന്‍ ചാനലുകള്‍ക്കായി ഹജ്ജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശാടനത്തിന്റെ മിശിഹകള്‍ (ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ), ഒലീവ് മരങ്ങള്‍ ചോര പെയ്യുന്നു, ഋതുപ്പിറവിയുടെ ഇലയും പൂവും, ഡേറ്റ് ലൈന്‍ ജിദ്ദ എന്നീ പുസ്തങ്ങള്‍ രചിച്ചു. സൗദി കെ. എം. സി. സി പുരസ്‌കാരം ഡ്രീംസ് ആന്‍ഡ് ഡ്രീംസ് പ്രഥമ മീഡിയ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

18  വര്‍ഷമായി ജിദ്ദയില്‍ സര്‍ക്കാര്‍ സ്ഥാപനമായ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിക്കുന്ന സ്റ്റാഫ് നഴ്‌സാണ് അന്നമ്മ സാമുവല്‍. തിരുവനന്തപുരം സ്വദേശിനിയായ ഇവര്‍  ഹോസ്പിറ്റലിലെ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റിലാണ് സേവനമനുഷ്ഠിക്കുന്നത്.
കിംഗ് അബ്ദുല്‍ അസിസ് ഹോസ്പിറ്റലില്‍ 16   വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന ജോമിനി ജോസഫ്  കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍  സ്വദേശിനിയാണ്. കിംഗ് അബ്ദുല്‍അസീസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലാണ്  സേവനമനുഷ്ഠിക്കുന്നത്.  നിലവില്‍ രണ്ട് ആശുപത്രികളും കോവിഡ് ആശുപത്രികളായാണ് പ്രവര്‍ത്തിക്കുന്നത്.


അഷ്‌റഫ് താമരശ്ശേരി കോഴിക്കോട് ജില്ലയിലെ താമരശ്ശേരി സ്വദേശിയാണ്. യു.എ.ഇയില്‍നിന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാടുകളില്‍ എത്തിക്കുന്നതിന് വിശ്രമമില്ലാതെ  പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ സേവനം ഇന്ത്യക്കാര്‍ക്ക് മാത്രമല്ല മറ്റു വിദേശ നാടുകളിലെ പൗരന്മാര്‍ക്കും വലിയ ആശ്വാസമാണ്.
രണ്ടര പതിറ്റാണ്ടിലേറെയായി മക്കയിലെ ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യമായ മുജീബ് മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ സ്വദേശിയാണ്. മക്കയിലും പരിസര പ്രദേശങ്ങളിലും മരണമടയുന്ന വിദേശികളുടെ അന്ത്യ കര്‍മങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച ഇദ്ദേഹത്തിന്റെ സേവനം കോവിഡ് കാലത്തും പ്രത്യകം ശ്രദ്ധിക്കപ്പെടുന്നു.
മലബാര്‍ മേഖലയുടെ വികസനത്തിനും ഉന്നമനത്തിനായി ഇതിനകം ശ്രദ്ധേയമായ നിരവധി ഇടപെടലുകള്‍ നടത്തിയ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം നിരവധി വിഷയങ്ങളില്‍ സമൂഹ്യ പ്രതിബദ്ധയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ജിദ്ദ-  കോഴിക്കോട് വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജിദ്ദ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമായിരുന്നുവെന്നും ഇസ്മായില്‍ കൊളക്കാടന്‍  പറഞ്ഞു.   
കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വന്നതിന്  ശേഷം ഉചിതമായ സമയത്തു ജിദ്ദയില്‍ വെച്ച് നടത്തുന്ന പൊതു പരിപാടിയില്‍ അവാര്‍ഡുകള്‍  സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള മൂന്നംഗ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഓണ്‍ലൈന്‍  പത്രസമ്മേളനത്തില്‍  ഇസ്മായില്‍ കൊളക്കാടനുപുറമെ ശുഹൈബ് ടി. പി, ഷിയാസ് വി. പി, റഷീദ് മാളിയേക്കല്‍, അഷ്‌റഫ് വി.വി,  മുസ്തഫ ചാലില്‍,  ഷബീര്‍ അലി, ജലീല്‍ കളത്തിങ്കല്‍, നജീബ് തിരുരങ്ങാടി, നാസര്‍ ഫറോക്ക് തുടങ്ങിയവരും പങ്കെടുത്തു.

 

Latest News