അല്‍ബദര്‍ മഹല്ല് കമ്മിറ്റിക്ക് പൊന്‍തൂവല്‍; മാതാപിതാക്കള്‍ ഉപേക്ഷിച്ച ഹിന്ദു യുവതിയുടെ വിവാഹം നടത്തി

ചെര്‍പ്പുളശ്ശേരി- തൃക്കടീരി പഞ്ചായത്തിലെ പൂതക്കാട് പ്രദേശത്ത് മാതാപിതാക്കള്‍ ഉപേക്ഷിച്ച  തെറ്റിലിങ്ങല്‍ വൈഷ്ണവിയുടെ വിവാഹം പൂതക്കാട് അല്‍ബദര്‍ മഹല്ല് കമ്മറ്റിയുടേയും പ്രാദേശിക കൂട്ടായ്മയുടെയും സഹകരണത്തോടെ ബന്ധുവിന്റെ വീട്ടില്‍ വെച്ച് മംഗളമായി നടന്നു. ലോക്ഡൗണ്‍ കാരണം ഏപ്രില്‍ അഞ്ചിന് മുടങ്ങിയ വിവാഹമാണ് ഇന്നു നടന്നത്.

മഹല്ല് രക്ഷാധികാരി ജമാലുദ്ധീന്‍ ഫൈസി ചെയര്‍മാനും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി. കുട്ടികൃഷ്ണന്‍ കണ്‍വീനറായും പ്രദേശത്തെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ റഫീഖ് ട്രഷറര്‍ ആയും സമിതി രൂപീകരിച്ച് വിവാഹത്തിനാവശ്യമായ ആഭരണം, ഭക്ഷണം തുടങ്ങി മുഴുവന്‍ ചെലവുകളും വഹിക്കാന്‍ തീരുമാനിച്ചിരുന്നു.

സാമൂഹിക അകലം പാലിച്ച് ഇന്നു നടന്ന ചടങ്ങില്‍ മഹല്ല് ഭാരവാഹികളായ കമ്മുണ്ണി ഹാജി, ഹൈദര്‍ ഹാജി, മൊയ്തീന്‍ ഹാജി, കുഞ്ഞു മൊയ്തു ഹാജി, റസാഖ് അല്‍ഹസനി, മുഹമ്മദ് കുട്ടി എന്നിവര്‍ ചേര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബാബു രാജിന്റെ സാന്നിധ്യത്തില്‍ ആഭരണങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി.

ചടങ്ങിന് സമിതിഭാരവാഹികളായ ടി. കുട്ടിക്കൃഷ്ണന്‍, സൈതലവി, റഫീഖ്, ഇര്‍ഷാദ്, ഹുസൈന്‍, പങ്കജാക്ഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചടങ്ങില്‍ വധൂവരന്മാര്‍ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ ബാബുരാജിന്റെ കൈവശം ഏല്‍പിച്ചു കഴിഞ്ഞ കുറെ വര്‍ഷമായി പൂതക്കാട് പ്രദേശത്തെ വിദ്യാഭ്യാസ ആരോഗ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മഹല്ല് കമ്മറ്റി സജീവമാണ്. സൗജന്യ റേഷന്‍ പദ്ധതി, അവശ്യ സാധന വിതരണം തുടങ്ങി ഒട്ടനവധി ക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹല്ല് കമ്മറ്റിക്ക് കീഴില്‍ നടന്നു വരുന്നു.

 

Latest News