കാന്‍സര്‍ ചികിത്സയില്‍ കഴിയവെ രക്തം സ്വീകരിച്ച ബാലികയ്ക്ക് എച്ച്‌ഐവി ബാധ

തിരുവനന്തപുരം- റീജനല്‍ കാന്‍സര്‍ സെന്ററില്‍ രക്താര്‍ബുദ ചികിത്സയില്‍ കഴിയുന്ന ഒമ്പതു വയസ്സുകാരിക്ക് രക്തം സ്വീകരിച്ചതു വഴി എച്ച്‌ഐവി ബാധിച്ചതായി സ്ഥിരീകരണം. ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയുടെ മതാപിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളെജ് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് അര്‍ബുദ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ആര്‍സിസിയിലെത്തിച്ചത്. 

 

ചികിത്സയുടെ ഭാഗമായി നാലുതവണ കിമോ തെറപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത കിമോ തെറപ്പിക്കു മുന്നോടിയായുള്ള രക്ത പരിശോധനയിലാണ് എച്ച് ഐ വി ബാധ കണ്ടെത്തിയത്. കേരളത്തിനു പുറത്തുള്ള ലാബുകളില്‍ വിദഗ്ധ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാതാപിതാക്കള്‍ക്ക് എച്ച്‌ഐവി ബാധയില്ലെന്ന് വ്യക്തമായി. ആര്‍സിസിയിലെ ചികിത്സയ്ക്കിടെ മറ്റെവിടേയും കുട്ടിയെ ചികിത്സിച്ചിട്ടില്ലെന്നും രക്തം നല്‍കിയതിലെ പിഴവാണ് രോഗ കാരണമായതെന്നും പരാതിയില്‍ മാതാപിതാക്കള്‍ പറയുന്നു. ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

കുട്ടിയുടെ തുടര്‍ചികിത്സ സംബന്ധമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും പരാതി വിദഗ്ധ സംഘം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. 

 

 

Latest News