വട്ടിളകിയ പോലീസും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയെന്ന് പി സി ജോര്‍ജ്

കോട്ടയം- നടി ആക്രമണത്തിനിരയായ കേസില്‍ ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പിസി ജോര്‍ജ് എംഎല്‍എ.  വട്ടിളകിയ പോലീസുകാരും ദിലീപിനെ ഉപേക്ഷിച്ച് പോയ മുന്‍ ഭാര്യയായ നടിയുമാണ് ഇതിനു പിന്നിലെന്നും നാദിര്‍ഷായെ കുടുക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും എഡിജിപി ബി സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ ഒരു തെളിവും പോലീസിന്റെ പക്കലില്ല. അന്വേഷണ സഘം മുഴുവന്‍ കളിപ്പീരാണ്. വട്ടിളകിയ കുറെ പോലീസുകാര്‍,' കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ജോര്‍ജ് പറഞ്ഞു.

 

ദിലീപിന് ജാമ്യത്തിന് അര്‍ഹതയുണ്ട്. എന്തുകൊണ്ട് ജാമ്യം നല്‍കുന്നില്ലെന്ന് കോടതി പറയണം. കേസില്‍ നാദിര്‍ഷായേയും പോലീസ് ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുകയാണ്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തുന്നതായി നാദിര്‍ഷാ നേരിട്ടു വന്നു പറഞ്ഞിരുന്നതായും ജോര്‍ജ് പറഞ്ഞു. 

ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചു എന്ന പേരില്‍ തനിക്കെതിരെ കേസെടുത്തതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'വനിത കമ്മീഷന്‍ എനിക്കെതിരെ കേസെടുത്തെന്നാണ് ഞാന്‍ കേട്ടത്. കമ്മീഷന് കേസെടുക്കാനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഈ വാദം തന്നെ അബംബന്ധമാണ,്' ജോര്‍ജ് വ്യക്തമാക്കി. 

വല്ല കേസും എടുത്തിട്ടുണ്ടെങ്കില്‍ വിദേശത്തായിരുന്ന താന്‍ കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയെ ഉടനെ പോലീസ് പിടികൂടേണ്ടതായിരുന്നു. അതുണ്ടായിട്ടില്ല. നടിയെ അധിക്ഷേപിച്ച് ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

 

 

Latest News