തിരുവനന്തപുരം- കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും സ്ഥാപനങ്ങൾ തുടങ്ങാനും നോർക്ക റൂട്‌സ് വഴി 30 ലക്ഷം രൂപവരെ അടിയന്തര വായ്പ അനുവദിക്കും. കുറഞ്ഞത് രണ്ട് വർഷം വിദേശത്ത് ജോലി ചെയ്ത ശേഷം സ്ഥിരമായി നാട്ടിലേക്ക് വന്നവർക്കായാണ് പദ്ധതി. നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (എൻഡിപ്രേം) എന്ന പദ്ധതിയിലൂടെയാണ് സഹായം.
ഫാം ടൂറിസം, സംയോജിത കൃഷി, ഭക്ഷ്യ സംസ്‌കരണം, ക്ഷീരോത്പാദനം, മത്സ്യകൃഷി, ആട്‌കോഴി വളർത്തൽ, പുഷ്പകൃഷി, പച്ചക്കറി കൃഷി, തേനീച്ച വളർത്തൽ, റസ്‌റ്റോറന്റ്, ബേക്കറി ഉത്പന്നങ്ങൾ, കംപ്യൂട്ടർ ഉപകരണങ്ങൾ, ഹോംസ്‌റ്റേ, റിപ്പയർ ഷോപ്പുകൾ, ഫർണിച്ചർ, തടിവ്യവസായം, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, പേപ്പർ റീസൈകഌങ്, പൊടിമില്ലുകൾ, ചെറുകിട വ്യാപാരസ്ഥാപനങ്ങൾ, ടാക്‌സി സർവീസ് എന്നീ സംരംഭങ്ങൾ തുടങ്ങാനാണ് വായ്പ അനുവദിക്കുക. 15 ബാങ്കുകളുടെ അയ്യായിരത്തിലധികം ശാഖകൾവഴിയാണ് വായ്പ അനുവദിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക് എന്നിവയുമായി സഹകരിച്ച് ജാമ്യമോ ഈടോ ഇല്ലാതെ 10 ലക്ഷം രൂപവരെ വായ്പ നൽകാനുള്ള സംവിധാനവും നിലവിലുണ്ട്. ംംംhttps://norkaroots.org എന്ന വെബ്‌സൈറ്റിലൂടെ വായ്പയ്ക്ക് രജിസ്റ്റർ ചെയ്യാം. പാസ്‌പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. രണ്ടുവർഷം വിദേശവാസം തെളിയിക്കാനുള്ള പാസ്‌പോർട്ട്, റേഷൻ, ആധാർ, പാൻ കാർഡുകൾ, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയും വേണം.






