മുഖ്യമന്ത്രിയുടേത് റിയാലിറ്റി ഷോ - കെ. മുരളീധരന്‍

കോഴിക്കോട്- കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ റിയാലിറ്റിഷോ നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പ്രതിപക്ഷത്തെ അധിക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും പ്രവാസികള്‍ എത്താന്‍ തുടങ്ങിയതോടെ അവരെ പാര്‍പ്പിക്കാന്‍ പോലും സൗകര്യമില്ലെന്ന് വ്യക്തമായെന്നും കെ. മുരളീധരന്‍ ആരോപിച്ചു.
ഗള്‍ഫില്‍ നിന്ന് മലയാളികളെ കൊണ്ടുവരാന്‍ കഴിഞ്ഞത് എല്ലാവരുടേയും ശ്രമം കൊണ്ടാണെന്നു പറഞ്ഞ മുരളീധരന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എപ്പോള്‍ മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ കഴിയും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
സര്‍ക്കാറിന് കഴിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സ്വന്തം പണം ഉപയോഗിച്ച് കോണ്‍ഗ്രസ് നാട്ടിലെത്തിക്കും. ഇതിന് മുഖ്യമന്ത്രി അനുമതി നല്‍കിയാല്‍ മതിയെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതിയില്‍ കേന്ദ്രം കൊടുത്ത സത്യവാങ്മൂലത്തിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാറിന്റെ ക്വാറന്റൈനെന്നും കൊവിഡ് മരണം മറച്ചു വെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേരളത്തില്‍ ചികിത്സിച്ചയാള്‍ മരിച്ചപ്പോള്‍ മരണം കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നും കെ .മുരളീധരന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതിനെ കെ.മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചു.
ക്ഷേത്ര ജീവനക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ ദേവസ്വം എടുത്ത തീരുമാനം ശരിയായില്ല. ക്ഷേത്രജീവനക്കാരുടെ അവസ്ഥ വളരെ പരിതാപകരമായി. ഗുരുവായൂര്‍ ദേവസ്വം വരുമാന മില്ലാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാരെ സഹായിക്കുകയായിരുന്നു വേണ്ടത്. ഇല്ലാത്ത മേനി ദേവസ്വം കാണിക്കരുതായിരുന്നു. ദേവസ്വത്തിന്റെ കീഴിലെ ഹോട്ടലുകളും ലോഡ്ജുകളും ഓഡിറ്റോറിയങ്ങളും ക്വാറന്റില്‍ കേന്ദ്രങ്ങളാക്കാന്‍ നല്‍കുകയായിരുന്നു വേണ്ടത്. അല്ലാതെ പണം കൈമാറാനുള്ള തീരുമാനത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍മാറണമെന്നും കെ മുരളീധരന്‍ പറഞ്ഞു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം 5 കോടി നല്‍കിയതിനെതിരെ കോടതിയില്‍ പോയവര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരാണ്. എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായം സംഭാവന നല്‍കിയത് ശരിയല്ല എന്ന് തന്നെയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
 

Latest News