ലോകം മുൾമുനയിൽ; ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ മിസൈൽ, ജപ്പാനിൽ അലർട്ട് 

പ്യോങ്‌യാങ്- ലോകത്തെ ഭീതിയിലാഴ്ത്തി ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ മിസൈൽ. ഏതാനും നിമിഷം മുമ്പാണ് ഉത്തരകൊറിയ ജപ്പാന് മുകളിലൂടെ മിസൈൽ തൊടുത്തത്. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും മിസൈൽ ഭാഗങ്ങൾ കണ്ടാൽ അവയിൽ സ്പർശിക്കരുതെന്നും ജപ്പാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. പ്യോങ്‌യാങിലെ സുനാൻ ജില്ലയിൽനിന്നാണ് മിസൈൽ തൊടുത്തത്. ജപ്പാനിലെ ഹൊക്കൈയിഡോയ്ക്ക് മുകളിലൂടെ മിസൈൽ കടന്നുപോയതായി ജപ്പാൻ ്സ്ഥിരീകരിച്ചു. 
മിസൈൽ വീഴ്ത്താൻ ജപ്പാൻ സൈന്യം തയ്യാറായില്ല. അതേസമയം, രാജ്യവ്യാപകമായി മുന്നറിയിപ്പ് നൽകിയതായി ജപ്പാൻ വ്യക്തമാക്കി. രാജ്യത്തെ ഉത്തരമേഖലയിലുള്ളവരോടാണ് പ്രത്യേകിച്ചും സുരക്ഷിത താവളം തേടാൻ നിർദ്ദേശിച്ചത്. ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണത്തെ പറ്റി അമേരിക്കയും ദക്ഷിണ കൊറിയയും അന്വേഷണം പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയും രാജ്യത്ത് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


ജപ്പാന്റെ നാലു ദ്വീപുകൾ കടലിൽ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്നും ഉത്തരകൊറിയ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഉത്തരകൊറിയക്ക് മേൽ  സമ്പൂർണ നിരോധമേർപ്പെടുത്തുന്ന പ്രമേയം യു.എൻ അംഗീകരിച്ചതിൽ പ്രകോപിതരായാണ് ഉത്തരകൊറിയ ഭീഷണി മുഴക്കിയത്. ജപ്പാൻ തങ്ങളുടെ സമീപത്ത് ആവശ്യമില്ലെന്നും യുഎസിനെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലണമെന്നും ഉത്തരകൊറിയൻ ഭരണകൂടം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 
120 കിലോടൺ ശേഷിയുള്ള ഹൈഡ്രജൻ ബോംബ് ഉത്തര കൊറിയ പരീക്ഷിച്ചതോടെയാണ് മേഖലയിൽ സംഘർഷം വർധിച്ചത്.


 

Latest News