ന്യൂദൽഹി- ന്യൂനപക്ഷ കാര്യമന്ത്രാലയത്തിന്റെ നൈപുണ്യവികസന പരിപാടിയ്ക്ക് കീഴിൽ പരിശീലനം ലഭിച്ച 1500 ലേറെ ആരോഗ്യപാലന സഹായികൾ കോവിഡ് രോഗികളുടെ ചികിത്സയിൽ സഹായം നൽകുന്നതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. ഇവരിൽ പകുതിയോളം പെൺകുട്ടികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്തെ വിവിധ ആശുപത്രികളിലും,ആരോഗ്യ പാലന കേന്ദ്രങ്ങളിലും ഇവർ സേവനമനുഷ്ഠിച്ചുവരുന്നു. നടപ്പ് വർഷം രണ്ടായിരത്തിലേറെ ആരോഗ്യപാലന സഹായികൾക്ക് മന്ത്രാലയം പരിശീലനം നൽകുമെന്നും നഖ്‌വി വ്യക്തമാക്കി.രാജ്യത്തെ പ്രമുഖ ആശുപത്രികൾ ,ആരോഗ്യ സംഘടനകൾ എന്നിവ വഴിയാണ് മന്ത്രാലയം ഇവർക്ക് ഒരു വർഷം നീണ്ട പരിശീലനം നൽകുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വിവിധ വഖഫ് ബോർഡുകൾ, പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസനിധികളിലേക്ക് 51 കോടി രൂപ സംഭാവന നൽകി. ഇതിനു പുറമേ ആവശ്യക്കാർക്ക് ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ഇവർ ശ്രദ്ധിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധിതർക്കായുള്ള ക്വാറന്റീൻ ഐസൊലേഷൻ സൗകര്യങ്ങൾക്കായി രാജ്യത്തെ 16 ഹജ് ഹൗസുകൾ വിവിധ സംസ്ഥാന ഭരണകൂടങ്ങൾക്ക് വിട്ടുനൽകിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിഭാഗം ജനങ്ങൾക്കൊപ്പം തോളോടുതോൾചേർന്നുകൊണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളും ഭാഗഭാക്കാകുന്നതായും നഖ്‌വി അഭിപ്രായപ്പെട്ടു.