തൊഴിലാളികളെ പിരിച്ചുവിടുമ്പോഴും മോഡിയുടെ ഫണ്ടിലേക്ക് കോടികള്‍ നല്‍കി കമ്പനികള്‍

പി.എം. കെയേഴ്‌സിന് ഓഡിറ്റും നിയമ പിന്‍ബലവുമില്ലെന്നും വിമര്‍ശം

ന്യൂദല്‍ഹി- കോവിഡ് പശ്ചാത്തലത്തില്‍ തൊഴിലാളികളെ പിരിച്ചുവിടുകയും ശമ്പളം കുറക്കുകയും ചെയ്ത കമ്പനികള്‍ പ്രധാനമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് കോടികള്‍ നല്‍കുന്നു. പി.എം കെയേഴ്‌സ് എന്ന പേരില്‍ പുതുതായി ആരംഭിച്ച കൊറോണ വൈറസ് റിലീഫ് ഫണ്ടിലേക്ക് ബിസിനസ് കുത്തകകളും താരങ്ങളും പ്രൊഫഷനലുകളും കോര്‍പറേറ്റുകളും വന്‍തോതിലാണ് പണം നല്‍കുന്നത്. 800 തൊഴിലാളികളെ പിരിച്ചുവിടുകയും വിവിധ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്ത ക്യൂര്‍ ഫിറ്റ് എന്ന ഫിറ്റ്‌നസ് സ്റ്റാര്‍ട്ടപ്പ് അഞ്ച് കോടി രൂപയാണ് പി.എം കെയറിലേക്കും മറ്റു റിലീഫ് ഫണ്ടുകളിലേക്കും നല്‍കിയത്. അതേസമയം, പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് നല്‍കാനായി നീക്കിവെച്ചത് രണ്ട് കോടി രൂപ മാത്രമാണ്.
ഏഷ്യയിലെ ശതകോടീശ്വരന്മാരില്‍ ഒന്നാമനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മോഡിയുടെ ഫണ്ടിലേക്ക് നല്‍കിയത് 500 കോടി രൂപയാണ്. തൊഴിലാളികളുടെ ശമ്പളം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് റിലയന്‍സിന്റെ റിലീഫ് ഫണ്ടിലേക്കുള്ള സംഭാവന. ഫേസ് ബുക്ക്, സില്‍വര്‍ ലേക്ക് തുടങ്ങിയ കമ്പനികള്‍ വന്‍തുക റിലയന്‍സ് കമ്പനികളിലേക്ക് നിക്ഷേപിച്ചതിനെ തുടര്‍ന്ന് അംബാനി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
പി.എം കെയര്‍ ഫണ്ടിലേക്കുള്ള തുക കമ്പനികളുടെ വാര്‍ഷിക സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആര്‍) സംഭാവനകളായി കണക്കാക്കുമെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്ത് കമ്പനികള്‍ സര്‍ക്കാരിനെ സഹായിക്കണമെങ്കിലും ഇങ്ങനെ നല്‍കുന്ന സി.എസ്.ആര്‍ തുകയുടെ ഭാരം പരോക്ഷമായി തൊഴിലാളികളിലാണ് വന്നു പതിക്കുന്നത്. തൊഴിലാളികളുടെ ചെലവില്‍ സി.എസ്.ആര്‍ ബാധ്യത തീര്‍ക്കുകയും അതോടൊപ്പം വലിയ വാര്‍ത്താ പ്രാധാന്യം നേടിയെടുക്കുകയുമാണ് കമ്പനികള്‍ ചെയ്യുന്നത്. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) പരിശോധനാ പരിധിയിലുള്ള പ്രധാനമന്ത്രിയുടെ ദേശീയ റിലീഫ് ഫണ്ട് (പി.എം.എന്‍.ആര്‍.എഫ്) നിലവിലുണ്ടായിരിക്കെയാണ് പി.എം കെയേഴ്‌സ് ഫണ്ട് രൂപീകരിച്ചത്.
എല്ലാവിധ പ്രകൃതി ദുരന്തങ്ങളിലും സഹായത്തിനായി 1948 ല്‍ രൂപീകരിച്ച പി.എം.എന്‍.ആര്‍.എഫിന്റെ അതേ ലക്ഷ്യങ്ങള്‍ തന്നെയാണ് പുതിയ ഫണ്ടിനുമുള്ളത്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുക, ഇരകളായ ജനങ്ങള്‍ക്ക് ഗ്രാന്റുകളും ഇളവുകളും നല്‍കുക തുടങ്ങിയവ പി.എം കെയേഴ്‌സ് ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. പുതിയ ഫണ്ടിന്റെ പ്രധാന വ്യത്യാസം അത് പാര്‍ലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലല്ല എന്നതാണ്. സര്‍ക്കാരിന്റെ പ്രധാന ബാങ്ക് അക്കൗണ്ടുമായി ബന്ധവുമില്ല. അര്‍ധ സ്വകാര്യ ഫണ്ട് പോലെയാണ് അതിന്റെ നിലനില്‍പ്പ്. ഭരണഘടനാധിഷ്ടിതമോ സര്‍ക്കാര്‍ ഫണ്ടോ അല്ലെങ്കിലും ട്രസ്റ്റില്‍ പ്രധാമന്ത്രി എക്‌സ് ഒഫീഷ്യോ ചെയര്‍മാനും പ്രതിരോധ, ആഭ്യന്തര, ധന മന്ത്രിമാര്‍ എക്‌സ് ഒഫീഷ്യോ ട്രസ്റ്റിമാരുമാണ്. സ്വതന്ത്ര ഓഡിറ്റര്‍മാരാണ് പി.എം കെയേര്‍സ് ഫണ്ട് ഓഡിറ്റ് ചെയ്യുക. ചെയര്‍മാനും ട്രസ്റ്റിമാരും ചേര്‍ന്ന് ഓഡിറ്റര്‍മാരെ തീരുമാനിക്കും. എന്നല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന പി.എം.എന്‍.ആര്‍.എഫ് സി.എ.ജിയുടെ നിരീക്ഷണത്തിനുവിധേയമാണെന്നതിനു പുറമെ, ഓഡിറ്റ് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് ലഭ്യവുമാണ്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലവിലുണ്ടായിരിക്കെ, സി.എ.ജിയുടെ നിരീക്ഷണത്തിനു പുറത്തുള്ളതും നിയമപരമായ ബാധ്യത ഇല്ലാത്തതുമായ ഒരു സ്വകാര്യ ഫണ്ടിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് സ്വതന്ത്ര ധനകാര്യ കണ്‍സള്‍ട്ടന്റായ വത്സല്‍ ഭണ്ഡാരി ചോദിക്കുന്നു. തൊഴിലാളികളെ പട്ടിണിക്കിട്ട് കമ്പനികള്‍ പി.എം കെയേഴ്‌സിലേക്ക് നല്‍കുന്ന ഉദാര സംഭാവനകള്‍ തൊഴിലാളികളും കോര്‍പറേറ്റുകളും തമ്മിലുള്ള അവിശ്വാസത്തിനു കാരണമായതായും അദ്ദേഹം പറയുന്നു.

 

 

Latest News