Sorry, you need to enable JavaScript to visit this website.

യു.എസിനും ബ്രിട്ടനും പിന്നാലെ റഷ്യയിലും കോവിഡ് കുതിക്കുന്നു; ദിവസം 10,000 രോഗബാധ

മോസ്‌കോ- അമേരിക്കക്കും ബ്രിട്ടനും പിന്നാലെ റഷ്യയിലും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഏറ്റവും പുതിയതായി 10,817 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതര്‍ 1,98,676 ആയി. വന്‍തോതില്‍ പരിശോധന ആരംഭിച്ചതിനെ തുടര്‍ന്നാണ് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതെന്ന് റഷ്യ അവകാശപ്പെടുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യയില്‍ കോവിഡ് മരണം കുറവാണ്. ഇതുവരെ 1827 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.


കഴിഞ്ഞ വര്‍ഷാവസാനം ചൈനയില്‍ കോവിഡ് പ്രത്യക്ഷപ്പെട്ടതിനുശേഷം ഇതുവരെ 2,74,617 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. ലോകത്ത് 39,46,130 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. 77,180 പേര്‍ മരിച്ച അമേരിക്കയാണ് മരണസംഖ്യയില്‍ മുന്നില്‍. ബ്രിട്ടനില്‍ 31,241 പേരും ഇറ്റലിയില്‍ 30,201 പേരും സ്‌പെയിനില്‍ 26,478 പേരും ഫ്രാന്‍സില്‍ 26,230 പേരും മരിച്ചു.


അതിനിടെ, ഫ്രാന്‍സില്‍ ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിമാന സര്‍വീസ് ആരംഭിക്കുന്ന എയര്‍ഫ്രാന്‍സ് പനി പരിശോധിച്ച ശേഷമേ യാത്രക്കാരെ വിമാനത്തില്‍ കയറ്റൂ എന്ന് അറിയിച്ചു.
ഈ വര്‍ഷം മുഴുവന്‍ വീടികളിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് ഗൂഗിളും ഫേസ് ബുക്കും ജീവനക്കാരെ അറിയിച്ചു. ഓഫീസുകള്‍ തുറന്നാലും ജീവനക്കാര്‍ വരേണ്ടതില്ലെന്നാണ് കമ്പനികളുടെ അറിയിപ്പ്.
വലിയ സൈനിക പരേഡുകളോടെ ആചരിക്കാറുള്ള രണ്ടാം ലോക മഹായദ്ധ അവസാനത്തിന്റെ ആഘോഷപരിപാടികള്‍ റഷ്യ വെട്ടിച്ചുരുക്കി. റെഡ് സ്‌ക്വയര്‍ പരേഡ് നീട്ടിവെച്ച് പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ക്രംലിനു പുറത്ത് അഭിസംബോധനം ചെയ്തു.

 

Latest News